ഭരണവിരുദ്ധവികാരമില്ലെന്നും ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാട്ടില്ലെന്ന് ന്യായീകരിച്ച് സിപിഎം. പരായജത്തിന്‍റെ കാരണം ആഴത്തില്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്തുമെന്നും മധ്യകേരളത്തിലും മലപ്പുറത്തും കൊല്ലത്തുമുണ്ടായ തിരിച്ചടി പ്രത്യേക വിലയിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷ അടിത്തറ ഭദ്രമാണെന്നും അധികാരത്തിന് വേണ്ടി കുതിരക്കച്ചവടം നടത്താനില്ലെന്നും കോണ്‍ഗ്രസുമായി തദ്ദേശസ്ഥാപനങ്ങളില്‍ കൂട്ടുകൂടാനില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി സിപിഎം പരിശോധിക്കാനിറങ്ങുന്നത് മുന്‍വിധിയോടെയാണ്. ഭരണവിരുദ്ധവികാരമാണ് എല്‍ഡിഎഫിനെ തോല്‍പ്പിച്ചത് എന്ന പൊതുവികാരം നില്‍ക്കുമ്പോഴും അത് സമ്മതിച്ചു തരാന്‍ സിപിഎം തയ്യാറല്ല . സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും എന്തുകൊണ്ട് തോറ്റു എന്നതാണ് പരിശോധിക്കാന്‍ പോകുന്നത്. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയുണ്ടാക്കിയെന്ന വാദവും സിപിഎം അംഗീകരിക്കുന്നില്ല. ശബരിമല തിരിച്ചടിയായിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും നേട്ടമുണ്ടാകുമായിരുന്നു എന്നാണ് സിപിഎം വാദം. കൊടുങ്ങല്ലൂരൂം പന്തളവും ഉള്‍പ്പടെയുള്ള ക്ഷേത്രനഗരങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല എന്നതാണ് ന്യായീകരണമായി സിപിഎം പറയുന്നത്
ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല എന്നാണ് സിപിഎം അവകാശപ്പെടുന്നത്. മലപ്പുറത്തിന് പുറമേ മധ്യകേരളത്തിലും കൊല്ലം കോര്‍പറേഷനിലുമുണ്ടായ തിരിച്ചടിയാണ് ആഴത്തില്‍ പരിശോധിക്കുക . ബിജെപിയെ അകറ്റാന്‍ സ്വതന്ത്രരെ മുന്‍നിര്‍ത്തി കോണ്‍ഗ്രസുമായി സഖ്യസാധ്യതയെന്ന സാധ്യതകകള്‍ സിപിഎം തള്ളി. കോണ്‍ഗ്രസുമായി കൂട്ടുകൂടനോ കുതിരകച്ചവടത്തിനില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമായി. ഭരണവിരുദ്ധവികാരമില്ലെന്ന പറയുമ്പോഴും സംഘടനാവീഴ്ചയുണ്ടായിട്ടുണ്ടോ എന്ന പാര്‍ട്ടി പരിശോധിക്കും. 26ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് മുന്‍പ് പരിശോധനകള്‍ പൂര്‍ത്തിയാക്കാനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.