സ്വര്‍ണവിലയില്‍ ഇന്നലത്തെ വന്‍കുതിപ്പിനുശേഷം ഇന്ന് ഇടിവ്. പവന് 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15640 രൂപ. ഇന്നലെ രാവിലെ 1,31,160 രൂപയായിരുന്നു. 8,600 രൂപയിലധികമായിരുന്നു കൂടിയത്. വൈകിട്ട് 800 രൂപ കുറയുകയും ചെയ്തിരുന്നു.അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ തോന്നിയപടിക്കുള്ള തീരുമാനങ്ങളും നയങ്ങളുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് കൂട്ടുന്നത്. ഒരു മാസത്തിനിടെ 32000 രൂപയാണ് പവന് കൂടിയത്.
ട്രംപിന്റെ വ്യാപാര നയങ്ങൾ (താരിഫ് യുദ്ധം), ഇറാൻ-യുഎസ് ബന്ധത്തിലെ സംഘർഷഭീതി, യുക്രെയ്ൻ-റഷ്യ യുദ്ധം, ഗ്രീൻലാൻഡിനെ ചൊല്ലി യുഎസും യൂറോപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണ നയത്തിലെ മാറ്റങ്ങൾ, ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനെ നിയമിക്കാനുള്ള ട്രംപിന്റെ നീക്കം തുടങ്ങിയ വിഷയങ്ങൾ രാജ്യാന്തര സ്വർണ്ണവിലയെ ഇന്നലെ ഗണ്യമായി സ്വാധീനിച്ചു.
എങ്കിലും, ഈ വിലവർധനവിനെ മുതലെടുത്ത് നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിൽ ലാഭമെടുക്കാൻ തുടങ്ങിയതോടെ വില പെട്ടെന്ന് കുറഞ്ഞു. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ ആറ് പ്രധാന ലോക കറൻസികൾക്കെതിരെ യുഎസ് ഡോളർ സൂചിക 0.33% ഉയർന്ന് 96.58 ആയി മെച്ചപ്പെട്ടതും സ്വർണ്ണവിലയുടെ തിരിച്ചുപോക്കിന് കാരണമായി.