കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പ്രസ്താവനയില്‍ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. രാജ്യത്തിന് മൊത്തം നാണക്കേടാണ് പ്രസ്താവനയെന്നും സുപ്രീം കോടതി പറഞ്ഞു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. മെയ് 28 ന് സംഘം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സുപ്രീം കോടതി വിജയ് ഷായുടെ അറസ്റ്റ് സ്റ്റേ ചെയ്തു.

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് മധ്യപ്രദേശ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. മന്ത്രിയുടെ ക്ഷമാപണത്തെ ചോദ്യം ചെയ്ത കോടതി, നിയമനടപടികളിൽ നിന്ന് ഒഴിവാകാനുള്ള ‘മുതലക്കണ്ണീരാണോ’ എന്നും ചോദിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിക്ക് ഓരോ വാക്കിനും ഉത്തരവാദിത്തം വേണമെന്ന് കോടതി നേരത്തെ പ്രതികരിച്ചിരുന്നു.

‘ഭീകരവാദികളുടെ സഹോദരി’ എന്നാണ് ഓപ്പറേഷന്‍ സിന്ദൂരിന്‍റെ മുന്‍നിരയിലുള്ള കരസേനാ ഉദ്യോഗസ്ഥ സോഫിയ ഖുറേഷിയെ ബിജെപി മന്ത്രി വിജയ് ഷാ വിശേഷിപ്പിച്ചത്. ‘മോദി ജി അവരുടെ സ്വന്തം സഹോദരിയെ പ്രതികാരം ചെയ്യാൻ അയച്ചു’ എന്നായിരുന്നു ബിജെപി മന്ത്രിയുടെ പ്രസ്താവന. പിന്നാലെ വന്‍ വിമര്‍ശനമാണ് രാജ്യത്ത് ഉയര്‍ന്നത്. പിന്നാലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു. മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ലംഘിക്കാൻ ശ്രമിച്ചു. എന്നീ കുറ്റങ്ങളായിരുന്നു കണ്ടെത്തിയത്.

ENGLISH SUMMARY:

The Supreme Court has criticized Madhya Pradesh Minister Vijay Shah for his controversial remarks against Army officer Colonel Sophia Qureshi, calling it a national disgrace. The court rejected his apology and ordered the formation of an SIT to investigate the matter. The arrest has been stayed until May 28, when a status report is due.