മൂന്നാം തവണ വിജയിച്ചാല്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മലയാള മനോരമയുടെ തിരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ ‘പോർമുഖാമുഖ’ത്തിൽ സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ. പാര്‍ട്ടിയില്‍ പ്രാപ്തരായ രണ്ടാംനിരയും മൂന്നാം നിരയുമുണ്ടെങ്കിലും ഒന്നാം നിര തീര്‍ന്നിട്ട് പിന്നിലേക്ക് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് നല്ല സ്വീകാര്യതയുണ്ട്. കിഫ്ബി ഉപയോഗിച്ച് ഉള്‍പ്പടെ നടത്തിയ പശ്ചാത്തല വികസനത്തില്‍ എംഎല്‍എമാരുടെ പങ്ക് വലിയതാണെന്നും അതാണ് ടേമില്‍ ഇളവ് കൊടുത്ത് ഇക്കുറി കൂടുതല്‍ എംഎല്‍എമാരെ ഇറക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആത്മവിശ്വാസക്കുറവാണോയെന്ന ചോദ്യത്തിന് ആത്മവിശ്വാസം കൂടിയത് കൊണ്ടാണ് എംഎല്‍എമാരെ നിര്‍ത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
പറയുന്നതെല്ലാം ചെയ്യുമെന്ന് തെളിയിച്ച സര്‍ക്കാരാണിത്. നല്ല ഭാരം വഹിച്ചാണ് സര്‍ക്കാര്‍ ഇതെല്ലാം ചെയ്തതെന്നും ഇപ്പോള്‍ പ്രഖ്യാപിച്ചതിന്റെ ഭാരവും അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ വലിച്ചോളുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ അതൊക്കെ ഓരോ സ്ഥലത്തെ പ്രശ്നങ്ങളാണെന്നും ചിലര്‍ അവസരവാദപരമായ നിലപാട് സ്വീകരിക്കുകയാണെന്നുമായിരുന്നു മറുപടി. ജി.സുധാകരനെ താന്‍ പരിഹസിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ ശരിയായ നിലപാടിനെ പരിഹാസത്തോടെ അവതരിപ്പിച്ചത് മാധ്യമങ്ങളാണെന്നും താന്‍ ചിരിച്ചതില്‍ കുഴപ്പമൊന്നും ഇല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.