തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ഗോവിന്ദനെ സിപിഎം പുറത്താക്കും. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. ഗോവിന്ദന്റെ നാടായ മലപ്പട്ടത്ത് ഇന്ന് ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന പ്രകടനവും പൊതുയോഗവും നടക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വജനപക്ഷപാതത്തെ എതിര്‍ത്ത് പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിയുടെ ചുവപ്പുകോട്ടയില്‍ സൃഷ്ടിച്ച ആഘാതം പാര്‍ട്ടിക്ക് സമാതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ പാര്‍ട്ടിയില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നവരുടെ രഹസ്യപിന്‍തുണ ടി.കെ.ഗോവിന്ദന്‍റെ പൊട്ടിത്തെറിക്ക് പിന്നിലുണ്ടെന്ന് വ്യക്തമാണ്.
എം.വി.ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. തളിപ്പറമ്പില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന അദ്ദേഹം യുഡിഎഫിന്‍റെ പിന്തുണ സ്വീകരിക്കും. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. പി.ജയരാജനെ മുഖ്യധാരയില്‍ നിന്ന് പുറത്ത് ചാടിച്ചതാണെന്നും കെ.കെ.ശൈലജയെ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റിയത് നിഷ്കളങ്കമല്ലെന്നും ടി.കെ.ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
എം.വി.ഗോവിന്ദന്‍റെ നയം ശരിയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും അദ്ദേഹം ഒഴിയുന്ന സീറ്റില്‍ ഭാര്യയെ പിടിച്ചിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹത്തോട് പറഞ്ഞുവെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്നുപേരൊഴികെ എല്ലാവരും ഈ തീരുമാനത്തെ എതിര്‍ത്തുവെന്നാണ് ഗോവിന്ദന്‍ പറയുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തനം, എംഎല്‍എ ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ച് പാര്‍ട്ടിക്കമ്മിറ്റിയില്‍ പറയുന്ന പതിവുണ്ടെന്നും എം.വി.ഗോവിന്ദന്‍ എംഎല്‍എയായ ശേഷം അതുണ്ടായിട്ടില്ലെന്നും ഗോവിന്ദന്‍ ആരോപിക്കുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഹാപ്പിനസ് പരിപാടി നടത്തിയത്. ഇതിന് കണക്കില്ലെന്നും സംഘടനാപരമായി ഇതൊന്നും ശരിയല്ലെന്നും ടി.കെ. ഗോവിന്ദന്‍ തുറന്നടിച്ചിരുന്നു.
പാര്‍ട്ടിക്കകത്ത് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായത് കൊണ്ടാണ് പുറത്തിറങ്ങി പറയുന്നതെ്നും പാര്‍ട്ടിയുണ്ടാകണമെന്ന ആഗ്രഹമുള്ളത് കൊണ്ടാണ് ജനങ്ങളോട് പറയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക് 75 വയസ് കഴിഞ്ഞുവെന്നും ഇതുവരെ ഒരു സ്ഥാനവും മോഹിച്ച് ഒരു നേതാവിന്‍റെയടുത്തും പോയിട്ടില്ലെന്നും പാര്‍ട്ടി ഇപ്പോള്‍ അഴിമതി നടത്തുന്നവരെ സംരക്ഷിക്കുകയും ചോദ്യം ചെയ്യുന്നവരെ ക്രൂശിക്കുകയുമാണ് ചെയ്യുന്നതെന്നും സ്ഥാനാര്‍ഥി നിര്‍ണയം വന്നപ്പോള്‍ പാര്‍ട്ടിയുടെ ഒരു സംഘടനാരീതിക്കും നിരക്കാത്ത തീരുമാനമാണ് വന്നതെന്നും ടി.കെ. ഗോവിന്ദന്‍ വെളിപ്പെടുത്തി.