A.I generated representative image.
സ്കൂളില്‍ നാലുവയസ്സുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. അധ്യാപകര്‍ കുട്ടിയെ മര്‍ദിച്ചതാണ് മരണകാരണമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. രണ്ട് അധ്യാപകരെ സംശയമുണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിക്ക് സുഖമില്ല, ബോധംകെട്ടുവീണു എന്ന് സ്കൂള്‍ അധികൃതര്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ തന്നെ സ്കൂളിലെത്തി. പെട്ടെന്നു തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഇവര്‍ കുട്ടിയെ കൊണ്ടുപോയി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മകന് എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ സ്കൂള്‍ അധുകൃതര്‍ വ്യക്തമായ മറുപടി ഇവര്‍ക്ക് നല്‍കിയതുമില്ല. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. രണ്ട് അധ്യാപകര്‍ സ്കൂളില്‍ വച്ച് മകനെ ശാരീരികമായി പീഡിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യമുന നഗര്‍ ഡിസിപി വ്യക്തമാക്കി. കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാലുവയസ്സുകാരന്‍റെ സ്വകാര്യ ഭാഗത്ത് ഒരു മുറിവുണ്ടായിരുന്നുവെന്നും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന് സംശയമുള്ളതായുമുണ്ട്. ഇതുകൂടാതെ കുട്ടിയുടെ കണ്ണിന്‍റെയും നാവിന്‍റെയും ഭാഗങ്ങളിലും മുറിവുകളുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ പരാതിയില്‍ ലൈംഗികപീഡനമുണ്ടായി എന്ന് പറഞ്ഞിട്ടില്ല. കേസില്‍ പഴുതടച്ച അന്വേഷണം നടക്കുകയാണെന്നും കൃത്യമായ വിവരശേഖരണത്തിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും ഡിസിപി വ്യക്തമാക്കി.