അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിന് മറുപടി പറഞ്ഞത് ഇന്ത്യയുടെ ബ്രഹ്മോസെന്ന് റിപ്പോര്‍ട്ട്. മേയ് ഒന്‍പതിനും പത്തിനും പാക് വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ട് 15 ബ്രഹ്മോസ് മിസൈലുകള്‍ കുതിച്ചു പാഞ്ഞെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാന്‍റെ 13 തന്ത്രപ്രധാന വ്യോമ താവളങ്ങളില്‍ 11 ഉം ഇന്ത്യ ആക്രമിച്ചുവെന്നും കനത്ത നഷ്ടമുണ്ടാക്കിയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ 20 ശതമാനം നാശമാണ് ഇന്ത്യ ഉണ്ടാക്കിയത്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ –മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു ഇത്. ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.
**EDS: HANDOUT PHOTO MADE AVAILABLE FROM PRO(AIR FORCE) ON THURSDAY, MAY 12, 2022** New Delhi: The Indian Air Force (IAF) successfully fired an extended-range version of the BrahMos air launched missile from Su-30 MKI fighter aircraft with a direct hit on the designated target in the Bay of Bengal region. (PTI Photo)(PTI05_12_2022_000130B)
ലഹോറിലേതുള്‍പ്പടെയുള്ള പാക് വ്യോമ കേന്ദ്രങ്ങളിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. പൈലറ്റില്ലാ വിമാനങ്ങളായിരുന്നു ആദ്യം പാക് റഡാറുകളെ ലക്ഷ്യമിട്ടെത്തിയത്. റഡാറുകള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പിച്ചതിന് അതിനെ തകര്‍ക്കാന്‍ പിന്നാലെ ഹാറോപ് കാമികാസെ ഡ്രോണുകളും തൊടുത്തു. ഇതിന് പിന്നാലെ ബ്രഹ്മോസും സ്കാള്‍പും പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് പാഞ്ഞുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പടിഞ്ഞാറന്‍, തെക്കു പടിഞ്ഞാറന്‍ എയര്‍ബേസുകളില്‍ നിന്നും വിമാനത്തിലാണ് മിസൈലുകള്‍ കൊണ്ടുവന്നത്. ഇത് പിന്നീട് സിന്ധിലെ ഹാങറിലേക്കടക്കം വിക്ഷേപിക്കുകയായിരുന്നു. കനത്ത നഷ്ടമാണ് പാക് ഹാങറുകള്‍ക്ക് ഇന്ത്യന്‍ തിരിച്ചടിയില്‍ സംഭവിച്ചത്. എഫ് 16നും ജെ17 ഉള്‍പ്പടെയുള്ള യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് തന്ത്രപ്രധാനമായ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ബ്രഹ്മോസ് തന്നെ ഉപയോഗിക്കുകയെന്നുള്ളത് കൃത്യമായ തീരുമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യയുടെ 'ബ്രഹ്മാസ്ത്രം'
ലക്നൗവിലെ ബ്രഹ്മോസ് എയ്റോസ്പേസ് കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ ബ്രഹ്മോസ് ഇന്ത്യ ഉപയോഗിച്ചുവെന്ന് ആദ്യ സൂചന നല്‍കിയത്. 'ബ്രഹ്മോസിന്‍റെ കരുത്ത് അറിയണോ? എങ്ങനെയുണ്ടായിരുന്നുവെന്ന് പാക്കിസ്ഥാനോട് ചോദിച്ചാല്‍ മതി'- എന്നായിരുന്നു യോഗിയുടെ വാക്കുകള്‍.
ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിച്ച ദീര്‍ഘ ദൂര സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. വേഗതയും കൃത്യതയുമാണ് ബ്രഹ്മോസിന്‍റെ പ്രധാന സവിശേഷത. തൊടുക്കുക, മറക്കുകയെന്നതാണ് ബ്രഹ്മോസിന്‍റെ അടിസ്ഥാന തത്വം. 290 കിലമീറ്റര്‍ അകലെയുള്ള ശത്രുവിനെ വരെ തകര്‍ക്കാന്‍ ബ്രഹ്മോസിന് സാധിക്കും. 300 കിലോ വരെ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബ്രഹ്മോസിന് 15 കിലോ മീറ്റര്‍ വരെ ഉയരത്തിലും 10 മീറ്റര്‍ വരെ താഴ്ന്നും പറക്കാന്‍ കഴിയും.