കൈവിരല്‍ കാഞ്ചിയിലുണ്ട്, ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അമേരിക്കയ്ക്ക് ഇറാന്‍ സേനാമേധാവിയുടെ ഈ താക്കീത് . രണ്ടാമത്തെ പടക്കപ്പലും ഇറാന്‍ തീരത്തേക്ക് അയച്ചാണ് അമേരിക്ക ഇതിനോടു പ്രതികരിച്ചത്. ലോകരാഷ്ട്രങ്ങളുടെ കണ്ണുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ്. യുഎസിന്റെ സൈനിക കരുത്തിനെ ഇറാന് എങ്ങനെ നേരിടും ?. എന്താണ് ഇറാന്‍റെ കൈവശമുള്ള രഹസ്യ ആയുധങ്ങള്‍ ?. അമേരിക്ക ആക്രമിച്ചാല്‍ ഇറാന്‍റെ തിരിച്ചടി ഏതുവിധത്തിലായിരിക്കും.?
Also Read: ഇറാന്‍ യുദ്ധത്തിനോ? ചര്‍ച്ചയ്ക്കിടെ ട്രംപിന് ഖമനയിയുടെ മൂന്നു മുന്നറിയിപ്പ്; 'യുദ്ധകപ്പലും മുങ്ങും'
സൈനീകശേഷിയില്‍ അമേരിക്കന്‍ പടയുടെ സമീപത്തൊന്നും ഇറാന്‍ എത്തില്ലെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്‍ നിസാരക്കാരല്ല. ആവനാഴിയില്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പടക്കോപ്പുകള്‍ നിരവധിയുണ്ട്. അതില്‍ വജ്രായുധം എന്ന് പറയാവുന്നത് ബാലിസ്റ്റിക് മിസൈലുകള്‍ തന്നെ. 2,000 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന ഖുറംഷഹർ, സെജ്ജിൽ എന്നീ രണ്ട് മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ ഇവരുടെ കുന്തമുനകളാണ്. ഏറ്റവും പ്രഹരശേഷി കൂടിയ അള്‍ട്രാ ഹെവി ലോങ്റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍. ഖുറംഷഹർ എന്ന മിസൈലിന് 1500 മുതൽ 1,800 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും. ആകാശത്ത് വച്ച് തന്നെ നിരവധി ഭാഗങ്ങളായി ചിതറാനുള്ള ശേഷി പ്രത്യേകതയാണ്. 16 കിലോമീറ്റര്‍ ചുറ്റളവിലേക്ക് പൊടുന്നനെ വ്യാപിക്കും. ഇവയില്‍ ഓരോന്നിലും കിലോകണക്കിന് ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയിരിക്കും. പലതായി ചിതറുന്നതിനാൽ ശത്രുവിന്റേ മേല്‍ തീമഴ പെയ്യിക്കാന്‍ ഈ ആയുധങ്ങള്‍ക്ക് സാധിക്കും. അള്‍ട്രാ–ഹെവി പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഈ ആയുധത്തെ അമേരിക്ക ഭയന്നേ പറ്റൂ. സെജ്ജിൽ മിസൈലുകളില്‍ ദ്രാവക ഇന്ധനത്തിന് പകരം ഖര ഇന്ധനം (solid-fuel) ഉപയോഗിക്കുന്നതിലൂടെ വിക്ഷേപണ ശേഷിയ്ക്ക് അതിവേഗം കൈവരുന്നു. ഏകദേശം 700 കിലോഗ്രാം ഭാരം വഹിക്കാൻ ഇതിന് കഴിയും. ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ ലക്ഷ്യ സ്ഥാനത്തെത്താനുള്ള സാങ്കേതിക വിദ്യ. നേരത്തെ ഇസ്രയേല്‍ ഈ ആയുധത്തിന്റെ ചൂട് അനുഭവിച്ചിട്ടുണ്ട്.
ഇറാന്‍റെ മറ്റൊരു അത്യാധുനിക മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് എമാദും ഘദ്റും. ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകം. വേഗതയിലും ശക്തിയിലും കേമന്‍. 1700 കിലോമീറ്ററാണ് പരിധി. തീര്‍ന്നില്ല, ഇറാന്‍റെ അതിവിപുലമായ മിസൈല്‍ ശേഖരത്തില്‍ അപകടകാരികള്‍ ഇനിയുമുണ്ട്. ഹജ് ക്വസേം, ഖെയ്ബര്‍ ഷെഖാന്‍ തുടങ്ങിയ മിസൈലുകള്‍ അതീവഅപകടകാരികളാണെന്നു പ്രതിരോധവിധഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇറാന്‍റെ ആയുധശേഖരത്തിലെ എടുത്ത പറയേണ്ട മിസൈലാണ് ഫത്താ മിസൈല്‍. ശബ്ദത്തിന്‍റെ അഞ്ചിരട്ടി വേഗത. റഡാറുകളുടെ കണ്ണുവെട്ടിക്കാനും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ അനായാസം മറികടക്കാനും ഫത്താ മിസൈലിനു പ്രത്യേക കഴിവുണ്ട്. ഹൈപ്പർസോണിക് ഗ്ലൈഡ് ശേഷിയാണിതിന്. സേനയിലെ ഇറാനിയന്‍ അഭ്ദുതം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൂപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കുന്ന മിസൈല്‍ കൂടിയാണിത്. 'വിജയി' എന്നർത്ഥം വരുന്ന ഫത്താ മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തിച്ചേരാനും ശത്രുരാജ്യങ്ങളുടെ വ്യേമപ്രതിരോധ സംവിധാനങ്ങളിലേക്ക് തുളച്ചു കയറാനും ശേഷിയുള്ളവയാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ മിസൈൽ ശേഖരവുമുള്ള രാജ്യമാണ് ഇറാന്‍. വിവിധ തരത്തിലുള്ള 20 ലധികം ബാലിസ്റ്റിക് മിസൈലുകളും നിരവധി ക്രൂയിസ് മിസൈലുകളും ഉൾപ്പെടുന്നതാണ് ഇറാന്റെ ആയുധശേഖരം. ഷഹാബ്-1, ഷഹാബ്-2, ഖിയാം-1, ഹോർമുസ് സീരീസ്, ഷഹാബ്-3, ഗദർ-110, ഖൈബർ-ഷെക്കാൻ തുടങ്ങിയവ ഇറാന്റെ പ്രധാന മിസൈലുകളിൽ ചിലതു മാത്രമാണ്.
രണ്ട് രാജ്യങ്ങളുടെയും സൈനികശേഷി പരിശോധിക്കുമ്പോൾ, ഓരോരുത്തർക്കും അവരുടേതായ ശക്തികളും ദൗർബല്യങ്ങളുമുണ്ട്. അമേരിക്കക്ക് സാങ്കേതികവിദ്യയിലും വ്യോമാക്രമണങ്ങളിലും വ്യക്തമായ ആധിപത്യമുണ്ടെങ്കിൽ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈൽശേഷിയാണ് ഇറാന്‍റെ കരുത്ത്. ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ അത് ആഗോളതലത്തിലുണ്ടാക്കാനിയുള്ള പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്. എന്തായാലും ആയുധങ്ങളുടെ കരുത്തിലല്ല സമാധാനത്തിലാണ് ലോകത്തിന്‍റെ പ്രതീക്ഷയത്രയും.