യുക്രെയ്നില്‍ റഷ്യയുടെ കനത്ത ആക്രമണം. തലസ്ഥാനമായ കീവ്, ഖാര്‍കീവ്, നിപ്രോ, ഒഡേസ തുടങ്ങിയ നഗരങ്ങളില്‍ സമാന്തരമായാണ് ആക്രമണം നടത്തിയത്. റഷ്യ 24 ബാലിസ്റ്റിക് മിസൈലുകളും 219 ഡ്രോണുകളും ഉപയോഗിച്ചെന്ന് യുക്രെയ്ന്‍ എയര്‍ഫോഴ്സ് അറിയിച്ചു. ഇതില്‍ 16 മിസൈലുകളും 190ലധികം യുക്രെയ്ന്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തെന്നും വ്യോമസേന അവകാശപ്പെട്ടു. ഖാര്‍കീവില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. Read more: ലക്ഷങ്ങള്‍ ശമ്പളം, ബോണസ്, പൗരത്വം...
അതേസമയം റഷ്യന്‍ നഗരങ്ങളായ വോള്‍വോഗ്രാഡിലും താംബോവിലും യുക്രെയ്നില്‍ നിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് റഷ്യ സ്ഥിരീകരിച്ചു. രണ്ട് മേഖലകളിലെയും സൈനിക സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വോള്‍വോഗ്രാഡില്‍ അര്‍ധരാത്രിയുണ്ടായ മിസൈല്‍ ആക്രമണം തടഞ്ഞെങ്കിലും തകര്‍ന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ വീണ് പ്രതിരോധവകുപ്പിന്‍റെ ആയുധസംഭരണ കേന്ദ്രത്തിന് തീപിടിച്ചു. സ്ഫോടന സാധ്യത കണക്കിലെടുത്ത് ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ഗവര്‍ണര്‍ ആന്ദ്രേ ബോച്ചറോവ് അറിയിച്ചു. മിസൈല്‍ നിയന്ത്രണ സംവിധാനങ്ങളുണ്ടാക്കുന്ന പ്ലാന്‍റിനും നാശമുണ്ടായി.
തെക്കന്‍ യുക്രെയ്നിലെ ഒഡേസയില്‍ തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ മിസൈല്‍ പതിച്ച് വൈദ്യുതിവിതരണം സ്തംഭിച്ചു. മൂന്നുലക്ഷത്തോളം ആളുകള്‍ വൈദ്യുതിയോ വെള്ളമോ ഇല്ലാത്ത അവസ്ഥയിലാണെന്ന് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഒലെക്സി കുലേബ അറിയിച്ചു. നഗരത്തിലെ ഇരുനൂറോളം കെട്ടിടങ്ങളില്‍ ഹീറ്റിങ് സംവിധാനം തകരാറിലായതോടെ താമസക്കാര്‍ തണുപ്പില്‍ മരവിച്ച അവസ്ഥയിലാണ്. നിപ്രോയിലും പതിനായിരത്തോളം ആളുകള്‍ സമാനമായ സാഹചര്യം നേരിടുന്നുണ്ടെന്നും കുലേബ പറഞ്ഞു.
അതേസമയം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ മാത്രമേ യുക്രെയ്നില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തൂ എന്ന് പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് സെലന്‍സ്കിയുടെ നിലപാട്. ‘സുരക്ഷ സംബന്ധിച്ച വ്യക്തമായ ഉറപ്പുകള്‍ ലഭിക്കുകയും അതിനുള്ള സംവിധാനങ്ങള്‍ സജ്ജമാകുകയും ചെയ്താല്‍ മാത്രമേ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ കഴിയൂ. വെടിനിര്‍ത്തല്‍ നടപ്പാക്കൂ, തിരഞ്ഞെടുപ്പ് നടക്കും.’ – യുക്രെയ്ന്‍ പ്രസിഡന്‍റ് പറഞ്ഞു.
യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി