പാക്കിസ്ഥാനുമായി സമാധാനമായാലും സംഘർഷമായാലും ജമ്മു അതിർത്തിയിൽ ജീവിതം എന്നും ദുരിതമാണ്. ഏതു സമയത്തും വെടിവയ്പോ ഷെൽ ആക്രമണമോ ഉണ്ടാകാം. ഏത് സംഘർഷവും ആദ്യം ബാധിക്കുന്നത് അതിർത്തി ഗ്രാമങ്ങളെയാണ്. പലായനം അവർക്ക് ശീലമായിക്കഴിഞ്ഞു.
സീറോ പോയിൻ്റ്. അതായത് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങൾ. കൃഷിയാണ് ആളുകളുടെ ഉപജീവന മാർഗം. എല്ലാ വീട്ടിലും ഉണ്ട് വളർത്തുമൃഗങ്ങൾ. ഇടക്കിടെ അതിർത്തി രക്ഷാ സേനകൾ തമ്മിൽ വെടിവയ്പ്പും ഷെല്ലാക്രമണവും ഉണ്ടാകും. സംഘർഷ സമയമാണെങ്കിൽ അത് രൂക്ഷമാകും. പതിറ്റാണ്ടുകളായി ഇത് തുടരുന്നു
പലായനം ഇവർക്ക് ശീലമാണ്. ആക്രമണം രൂക്ഷമാകുമ്പോൾ സ്ത്രീകളെയും കുട്ടികളെയും അടുത്തുള്ള ഗ്രാമങ്ങളിലേക്ക് അയക്കും. കൃഷിയും കന്നുകാലികളും ഉള്ളത് കൊണ്ട് പുരുഷൻമാർ അവിടെ തുടരും. വെടിനിർത്തൽ പ്രഖ്യാപനം രാജ്യത്തിന് മുഴുവൻ ആശ്വാസമാണ്. പക്ഷേ ഇവർക്ക് അടുത്ത പലായനത്തിന് മുൻപുള്ള ഇടവേള മാത്രം.