ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് ജമ്മു കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിന് സമാനമായി വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. പൊലീസിനും സിവിൽ ഭരണകൂടത്തിനും കേന്ദ്ര ഇന്റലിജൻസ് ജാഗ്രതാ നിർദേശം നൽകി. തെക്കൻ കശ്മീർ മേഖലയിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്. സംശയമുള്ള വാഹനങ്ങളെ അതീവ ശ്രദ്ധയോടെ പരിശോധിക്കാൻ നിർദേശം നൽകി. സുരക്ഷാ സേനകളുടെ വാഹനവ്യൂഹങ്ങൾ കടന്നുപോകുമ്പോൾ പഴുതടച്ചുള്ള സുരക്ഷ ഒരുക്കാനും നിർദേശമുണ്ട്.
ഡല്‍ഹിയിലുണ്ടാക്കിയത് പോലെയുള്ള ആക്രമണത്തിനുള്ള സാധ്യതയും ഇന്‍റലിജന്‍സ് തള്ളുന്നില്ല. ജമ്മു, രാജസ്ഥാന്‍, ഡല്‍ഹി, അയോധ്യ, ഗുജറാത്ത് എന്നിവിടങ്ങളില്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ ഭീകരസംഘടനകള്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‍റെ അനുബന്ധമായാണ് നിലവിലെ മുന്നറിയിപ്പ്. അടിയന്തരവും പഴുതടച്ചതുമായ ജാഗ്രതയും സുരക്ഷാമുന്നൊരുക്കങ്ങളുമാണ് വേണ്ടതെന്നും പരിചിതമല്ലാത്ത വാഹനങ്ങളോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ കണ്ടെത്തിയാല്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ചെക്ക് പോയിന്‍റുകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അതത് സ്റ്റേഷന്‍ പരിധിയില്‍ ഭീകരര്‍ നുഴഞ്ഞ് കയറാതെ നോക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കി.
2019 ല്‍ പുല്‍വാമയില്‍ സൈനികവ്യൂഹം സഞ്ചരിക്കുന്നതിനിടെയാണ് ജയ്ഷെ ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. മാരുതി എക്കോ കാറില്‍ ഐഇഡി ഘടിപ്പിച്ചായിരുന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഭീകരര്‍ ഇടിച്ചു കയറ്റിയത്. 40 സിആര്‍പിഎഫ് ജവാന്‍മാരാണ് അന്ന് വീരമൃത്യു വരിച്ചത്.