Representational Image: PTI

Representational Image: PTI

  • ഡ്രോണുകളില്‍ ബോംബ് ഘടിപ്പിച്ചു
  • തിരക്കേറിയ സ്ഥലങ്ങളില്‍ പറത്താന്‍ പദ്ധതിയിട്ടു
  • ചെങ്കോട്ടയില്‍ ഷൂ ബോംബ് പ്രയോഗിച്ചോ?

വൈറ്റ് കോളര്‍ ഭീകരസംഘം ഡല്‍ഹിയില്‍ നടത്താന്‍ ലക്ഷ്യമിട്ടത് ഹമാസ് മോഡലിലെ മിന്നലാക്രമണമെന്ന് അന്വേഷണ സംഘം. ഡ്രോണുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചും റോക്കറ്റുകള്‍ അയയ്ക്കാനും ഡോക്ടര്‍ ഉമര്‍ നബിയടക്കമുള്ളവര്‍ പദ്ധതിയിട്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ചാവേറായ ഉമര്‍ നബിക്കൊപ്പം പ്രവര്‍ത്തിച്ച ജാസിര്‍ ബിലാല്‍ വാനി ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. ജാസിറാണ് ഡ്രോണ്‍ തയ്യാറാക്കിയതെന്നും എന്‍ഐഎ സംശയിക്കുന്നു. ശ്രീനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഡ്രോണുകള്‍ മോഡിഫൈ ചെയ്ത് തീവ്രവാദികള്‍ക്കുള്ള ആയുധങ്ങളാക്കി നല്‍കിയത് ജാസിറായിരുന്നു. കാര്‍ ബോംബ് സ്ഫോടനത്തിന് മുന്‍പ് തന്നെ റോക്കറ്റ് ആക്രമണത്തിനും സംഘം പദ്ധതിയിട്ടുവെന്നും എന്‍ഐഎ കണ്ടെത്തി. 

ക്യാമറയ്​ക്കൊപ്പം  ഭാരമേറിയ ബോംബുകള്‍ കൂടി വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണ് ഡാനിഷെന്ന് കൂടി അറിയപ്പെട്ട ജാസിര്‍ നിര്‍മിച്ചത്. വലിയ ബാറ്ററികളാണ് ഇവയില്‍ ഘടിപ്പിച്ചിരുന്നത്.ഡല്‍ഹിയിലെ ആള്‍ത്തിരക്കേറിയ സ്ഥലങ്ങള്‍ക്ക് മുകളിലൂടെ ഈ ഡ്രോണുകള്‍ പറത്തുകയും അതുവഴി പരമാവധി ആള്‍നാശമുണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. ഹമാസ് നേരത്തെ  പ്രയോഗിച്ചിരുന്ന തന്ത്രമായിരുന്നു ഇത്. 2021ല്‍ ജമ്മുവിലെ എയര്‍ ഫോഴ്സ് സ്റ്റേഷന്‍ ലക്ഷ്യമിട്ട് പാക് തീവ്രവാദികള്‍ സമാനമായ ആക്രമണം നടത്തിയിരുന്നു. താഴ്ന്ന് പറന്നെത്തിയ രണ്ട് ഡ്രോണുകളില്‍ അന്ന് സ്ഫോടക വസ്തു കണ്ടെത്തിയിരുന്നു.

ആരാണ് ജാസിര്‍ അഥവാ ഡാനിഷ്?

അനന്ത്നാഗില്‍ നിന്നുള്ള പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ് ജാസിര്‍. ചെങ്കോട്ടയില്‍ 13 പേരുടെ ജീവനെടുത്ത ചാവേര്‍ ഡോക്ടര്‍ ഉമര്‍ നബിയുടെ ഉറ്റ ചങ്ങാതി. കഴിഞ്ഞ ഒക്ടോബറില്‍ കുല്‍ഗാമിലെ പള്ളിയില്‍ വച്ചാണ് ആദ്യമായി ജാസിര്‍ ഡോക്ടര്‍ ഉമര്‍ നബിയെ കാണുന്നത്. സുഹൃത്തുക്കളായതിന് പിന്നാലെ ഫരീദാബാദിലേക്ക് തനിക്കൊപ്പം പോരാന്‍ ഉമര്‍ , ജാസിറിനെയും ക്ഷണിച്ചു. അങ്ങനെയാണ് അല്‍ ഫല സര്‍വകലാശാലയിലെത്തുന്നതും ഭീകരാക്രമണത്തിന് വേണ്ട പദ്ധതികള്‍ വൈറ്റ് കോളര്‍ ഭീകരര്‍ക്കൊപ്പം തയാറാക്കുന്നതും.

 ഷൂ ബോംബ് പ്രയോഗിച്ചോ?

ചെങ്കോട്ട സ്ഫോടനത്തില്‍ ഷൂ ബോംബ് പ്രയോഗിക്കപ്പെട്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നു. പൊട്ടിത്തെറിച്ച i20 കാറിന്‍റെ ഡ്രൈവിങ് സീറ്റിനടിയില്‍ നിന്ന് ഒരു ഷൂ കണ്ടെത്തിയതും ഇതില്‍ നിന്ന് ലഭിച്ച തെളിവുകളുമാണ് സംശയത്തിന് കാരണം. കാറിന്‍റെ വലതുവശത്തെ ടയറിന് അടുത്തായാണ് ഷൂ കിടന്നിരുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റില്‍ ഡിസംബര്‍ 2001 ല്‍ ആക്രമണം നടത്തിയ റിച്ചാര്‍ഡ് റീഡും സമാനമായി ടിഎടിപി തന്‍റെ ഷൂസില്‍ ഒളിപ്പിച്ചാണ് കയറിയത്. നിലവില്‍ കണ്ടെത്തിയ ഷൂവിനുള്ളില്‍ ലോഹനിര്‍മിതമായ ഭാഗം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് പൊട്ടിത്തെറി ത്വരിതപ്പെടുത്താന്‍ ഉപയോഗിച്ചോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ടയറില്‍ നിന്നും ഷൂവില്‍ നിന്നും ടിഎടിപി കണ്ടെത്തിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നത്. കാറിന്‍റെ പിന്‍സീറ്റില്‍ സ്ഫോടക വസ്തു വച്ചിരുന്നോയെന്നതും പരിശോധിക്കുന്നുണ്ട്. 

ENGLISH SUMMARY:

The investigation into the Red Fort blast suggests the white-collar terror cell, including suicide bomber Dr. Umar Nabi, planned a "Hamas-style" flash attack using drones loaded with explosives and possibly rockets. Jassir Bilal Wani (aka Danish), a Political Science graduate arrested from Srinagar, is suspected of manufacturing modified drones capable of carrying heavy bombs and cameras for mass casualties over crowded areas. NIA is also probing if a "shoe bomb" was used to expedite the explosion, following the recovery of a suspicious shoe near the car's driving seat that tested positive for TATP