ചെങ്കോട്ട സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ ഉമര്‍ നബി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളെ തട്ടമിടാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുള്ള സർക്കാർ മെഡിക്കൽ കോളേജിൽ പ്രവര്‍ത്തിച്ചിരുന്ന സമയത്തുതന്നെ മതപരമായ കാര്യങ്ങളില്‍ കടുത്ത കാഴ്ച്ചപ്പാടുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ചാവേര്‍ ബോംബായി മാറി 13 പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഉമര്‍നബി തീവ്രനിലപാടുള്ളയാളെന്ന് അന്ന് ഒപ്പം ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ആശുപത്രിയിലെത്തുന്ന വനിതാ രോഗികളോട് എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തതെന്നും, തല ശരിയായി മൂടാത്തതെന്തെന്നും ചോദിക്കാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
തന്റെ ചിന്താഗതിയ്ക്കപ്പുറത്തുള്ള നീക്കങ്ങളേയും നിലപാടുകളേയും ഉമര്‍നബി കടുത്ത തോതില്‍ വിമര്‍ശിച്ചിരുന്നു. ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചിരുത്തണമെന്ന് നിര്‍ബന്ധം പറയുന്ന ആളായിരുന്നു ഉമര്‍. രോഗികളോട് രോഗത്തേക്കാളേറെ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ പരാതി ഉയരുകയും മാനേജ്മെന്റ് ഇയാളെ പുറത്താക്കുകയും ചെയ്തെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. പിന്നീടാണ് ഫരീദാബാദിലെ അൽ-ഫലാഹ് സർവ്വകലാശാലയിൽ ഉമര്‍ നബി അസിസ്റ്റന്റ് പ്രൊഫസറായി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തില്‍ ചാവേറായി മാറിയ ഉമര്‍ നബി റെക്കോര്‍ഡ് ചെയ്ത എല്ലാ വിഡിയോയും മെറ്റയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്തു. അല്‍ ഫലാഹ് സര്‍വകലാശാലയുടെ സാമ്പത്തിക–ഭരണപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.