• സംയമനം പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് യുക്രെയ്ന്‍
  • പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി സിംഗപ്പുര്‍
  • സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍
  • സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല

ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ–പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ആശയവിനിമയം നടത്തിയെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കി മാധ്യമമാണ് പാക് വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്.  ഇന്നലെ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ കശ്മീരിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് സിംഗപ്പുര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രെയ്നും അഭ്യര്‍ഥിച്ചു. 

A satellite image shows a closer view of Jamia Masjid Subhan Allah following airstrikes in Bahawalpur, Pakistan, May 7, 2025. Maxar Technologies/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT

ജാഗരൂകം സൈന്യം

തിരിച്ചടിക്കുമെന്ന നിലപാട് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടെ കടല്‍–വ്യോമ–കരമേഖലകളില്‍ ജാഗ്രത ശക്തമാക്കി ഇന്ത്യ. അറബിക്കടലില്‍ ഉള്‍പ്പടെ നിരീക്ഷണവും സന്നാഹവും ശക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് സേന അറിയിച്ചു. അതേസമയം, അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ്  ആക്രമണം. ഇന്നലെ ഉറി, പൂഞ്ച്, രജൗറി മേഖലകളിലുണ്ടായ കനത്ത ആക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും 15 നാട്ടുകാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രദേശവാസികളെ സൈന്യം മാറ്റിപ്പാര്‍പ്പിക്കുകയാണ്. പഞ്ചാബിലെ അമൃത്സറില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധികള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ കരസേനയ്ക്ക് പൂര്‍ണ സ്വതന്ത്ര്യം നല്‍കി.

പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന

അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങൾ കരസേന പങ്കുവയ്ക്കുന്നത് തുടരുകയാണ്. പാക് ഭീകരർ ഇനിയും ഇന്ത്യയെ ലക്ഷ്യമിട്ടാൽ ശക്തമായ തിരിച്ചടിയുണ്ടാകും എന്ന സന്ദേശം ലോകത്തോട് വിളിച്ചു പറയുകയാണ് ഈ ദൃശ്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയും ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങൾ ഇന്ത്യ പ്രചരിപ്പിക്കുന്നുണ്ട്.

സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല

അതിനിടെ, ഓപറേഷൻ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവ്വ കക്ഷി  യോഗം ഇന്ന്. 11മണിക്ക് പാർലമെൻറ് അനക്സിൽ വെച്ചാണ് യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പ്രധാനമന്ത്രി ഇത്തവണയും പങ്കെടുക്കാനിടയില്ല.  യോഗത്തിലേക്ക് പ്രധാനമന്ത്രി നേരിട്ട് എത്തി  അഭിപ്രായങ്ങൾ കേൾക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഭീകരതയ്ക്കെതിരായ പോരാട്ടം തുടരണം, വ്യക്തമായ നയം രൂപീകരിക്കണം, ബൈസരണിൽ വെടിയുതിർത്ത ഭീകരരെ പിടികൂടണം തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചേക്കും 'ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പമാണെന്നും സൈന്യത്തിന്  പൂർണ പിന്തുണ എന്നും പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖര്‍ഗെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. ലീഗിൽ നിന്ന് ഇ.ടി.മുഹമ്മദ് ബഷീറാകും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുക.

ENGLISH SUMMARY:

Following Operation Sindoor, reports suggest India and Pakistan's National Security Advisors communicated. As border tensions rise, India tightens security across land, sea, and air. Civilian casualties continue in border attacks.