പഹല്‍ഗാം ഭീകരാക്രമണത്തിനിടെ സിപ്പ് ലൈൻ ഓപ്പറേറ്റര്‍ പ്രാര്‍ഥന ചൊല്ലിയെന്ന വിവാദത്തിനിടെ പ്രതികരണവുമായി പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ഹിന്ദുക്കൾ ജയ്ശ്രീറാം വിളിക്കുന്നതുപോലെ, കഠിനമായ വിഷമങ്ങളിലും ദുരിതത്തിലും അല്ലാഹു അക്ബര്‍ എന്ന് ചൊല്ലുന്നത് ഒരു സാധാരണ പ്രയോഗമാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. പ്രാര്‍ഥിച്ചതിന്‍റെ പേരില്‍ വർഗീയ വിദ്വേഷം വളര്‍ത്തുന്ന നടപടിയെടുക്കണമെന്നും അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തില്‍ സിപ് ലൈന്‍ ഓപ്പറേറ്റര്‍ പങ്കുണ്ടതായി സംശയിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പങ്ക് സുരക്ഷാ ഏജൻസികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
‘സോഷ്യൽ മീഡിയയിൽ വർഗീയവാദികളായ ചിലരുണ്ട്. 'ജയ് ശ്രീറാം' എന്ന് പറയുന്നത് പോലെ, മുസ്ലീങ്ങൾ 'അല്ലാഹു അക്ബർ' എന്ന് വിളിക്കുന്നു. എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയുന്നു... സോഷ്യൽ മീഡിയയിൽ വിഷം തുപ്പുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കണം’ മെഹബൂബ മുഫ്തി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ബൈസരണ്‍വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ജോലിക്കിടെ പതിവായി പ്രാര്‍ഥന ചൊല്ലാറുണ്ടെന്നും ഭീകരരുമായി ബന്ധമില്ലെന്നുമാണ് എന്‍.ഐ.എയുടെ ചോദ്യംചെയ്യലില്‍ സിപ്‌ലൈന്‍ ഓപ്പറേറ്റര്‍ മുസമ്മില്‍ മൊഴിനല്‍കിയത്. മുസമ്മിലിന്‍റെ കുടുംബവും പ്രതികരണവുമായി രംഗത്തുണ്ട്. സംഭവത്തിന് ശേഷം തന്റെ മകൻ ഭയന്നുപോയെന്നും കരയുകയായിരുന്നുവെന്നും മുസമ്മിലിന്‍റെ പിതാവ് അബ്ദുൾ അസീസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ‘കൊടുങ്കാറ്റ് വന്നാലും നമ്മൾ അല്ലാഹു അക്ബർ എന്ന് പറയും. അതില്‍ എന്താണ് തെറ്റ്? മുസമ്മില്‍ സിപ്പ് ലൈൻ ഓപ്പറേറ്റ് ചെയ്യുക മാത്രമേ ചെയ്തിട്ടു. വേറൊന്നും ചെയ്തിട്ടില്ല. തെറ്റായ ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും ആ സമയത്ത് തന്റെ കടമകൾ നിർവഹിക്കുക മാത്രമായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ കയറ്റിയതിന് പിന്നാലെ മൂന്നുതവണ സിപ് ലൈന്‍ ഓപ്പറേറ്റര്‍ ദൈവത്തെ സ്തുതിച്ചെന്നും സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെടിയൊച്ച കേട്ടെന്നുമുള്ള ഗുജറാത്തില്‍നിന്നുള്ള സഞ്ചാരിയായ റിഷി ഭട്ടിന്‍റെ മൊഴിയാണ് സിപ് ലൈന്‍ ഓപ്പറേറ്ററിലേക്ക് സംശയം നീളാന്‍ കാരണം. തനിക്ക് മുന്‍പ് ആളുകള്‍ കയറിയപ്പോള്‍ പ്രാര്‍ഥന ഉണ്ടായില്ലെന്നും റിഷി പറഞ്ഞിരുന്നു. പ്രശ്നമാണെന്ന് മനസിലായതോടെ സിപ്പ് ലൈന്‍ നിര്‍ത്തിവെച്ച് 15 അടി താഴ്ചയിലേക്ക് ചാടുകയായിരുന്നുവെന്ന് ഋഷി പറഞ്ഞു. ഭാര്യയെയും മകനെയും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. കാട്ടിലേക്ക് ഓടിക്കയറുകയും പിന്നീട് പാര്‍ക്കിങ് ഏരിയയിലേക്ക് പോയി ശ്രീനഗറിലേക്ക് രക്ഷപ്പെടുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.