asim-munir

ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ഉന്നമിട്ട് പാക്കിസ്ഥാന്‍ സംയുക്തസേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്‍റെ ഭീഷണി. പാക്കിസ്ഥാനുനേരെ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാല്‍ അതിവേഗത്തിലും അതികഠിനമായും തിരിച്ചടിക്കുമെന്ന് അസിം മുനീര്‍ പറഞ്ഞു. സൈനിക ആസ്ഥാനത്ത് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷം ഓഫിസര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു മുനീര്‍. പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് അസിം മുനീര്‍ അവകാശപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന്‍റെ ഐക്യവും അഖണ്ഡതയും സ്ഥിരതയും ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുനീര്‍ പറഞ്ഞു.

asim-munir-salute

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് അസിം മുനീര്‍ തുറന്നുപറഞ്ഞു. പാക്കിസ്ഥാനെയാണോ തെഹ്‍രികെ താലിബാന്‍ പാക്കിസ്ഥാനെയാണോ വേണ്ടതെന്ന് കാബൂളിലെ ഭരണകൂടത്തിന് തീരുമാനിക്കാം. അങ്ങനെയൊരു തീരുമാനമെടുക്കാതെ അവര്‍ക്ക് വഴിയില്ലെന്നും അസിം മുനീര്‍ പറഞ്ഞു. തെഹ്‍രികെ താലിബാന്‍ പാക്കിസ്ഥാനെ പാക് ഭരണകൂടം നേരത്തേ ഫിത്‌ന അല്‍–ഖവാരിജ് (രാജ്യദ്രോഹികളായി വിഘടനവാദികള്‍) ആയി പ്രഖ്യാപിച്ചിരുന്നു.

പുതിയ സ്ഥാനലബ്ധിയെ ‘ചരിത്രപരം’ എന്നാണ് അസിം മുനീര്‍ വിശേഷിപ്പിച്ചത്. മാറിവരുന്ന ഭീഷണികളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ മൂന്ന് സേനാവിഭാഗങ്ങളുടെയും ഫലപ്രദമായ ഏകോപനത്തിന് ഡിഫന്‍സ് ഫോഴ്സസ് ഹെഡ്‍ക്വാര്‍ട്ടേഴ്സ് സുപ്രധാന പങ്കുവഹിക്കുമെന്ന് ആദ്യ സി.ഡി.എഫ് ആയ മുനീര്‍ പറഞ്ഞു. കര, വ്യോമ, നാവികസേനകള്‍ അവയുടെ തനത് സ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും കരസേനാമേധാവി കൂടിയായ മുനീര്‍ പറഞ്ഞു. ഇരുപത്തേഴാം ഭരണഘടനാഭേദഗതി അനുസരിച്ചാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി രൂപീകരിക്കപ്പെട്ടത്. ഇതോടെ എല്ലാ സേനാവിഭാഗങ്ങള്‍ക്കും മേല്‍ മുനീറിന് പരമാധികാരമായി. 

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഏല്‍പ്പിച്ച ആഘാതവും നാശനഷ്ടങ്ങളുമാണ് പ്രതിരോധരംഗത്ത് പൊളിച്ചെഴുത്തിന് പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. സി.ഡി.എഫ് നിയമനം ഉള്‍പ്പെടെ സംഭവിച്ച മാറ്റങ്ങളെല്ലാം അസിം മുനീറിനെ സര്‍വാധികാരിയാക്കി മാറ്റുന്ന തരത്തിലായി എന്നുമാത്രം. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ അവസാനിച്ചിട്ടില്ലെന്നും ഏതെങ്കിലും ഭീകരാക്രമണം ഇന്ത്യക്കെതിരെ ഉണ്ടായാല്‍ ഭീകരരെ മാത്രമല്ല അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഭീകരരായിത്തന്നെ കണ്ട് തിരിച്ചടിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Pakistan's Joint Chiefs of Staff Committee Chairman, Field Marshal Asim Munir, issued a stern threat of severe retaliation against any intrusion targeting Pakistan. Munir claimed Pakistan desires peace but will not allow its unity and integrity to be undermined. He openly challenged the Taliban government in Afghanistan, forcing them to choose between supporting Pakistan or the Tehrik-i-Taliban Pakistan (TTP). Munir, who also serves as the Chief of Defence Staff (CDF), described his new role as 'historic,' noting it grants him supreme authority over all three branches of the military. This restructuring in Pakistan's defense sector, including the creation of the CDF post, was reportedly influenced by the damage and impact of India's 'Operation Sindoor,' which followed the Pahalgam attack.