Image Credir: X

Image Credir: X

TOPICS COVERED

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നിന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അടക്കമുള്ള യാത്രക്കാരുമായി ഇന്നലെ പുറപ്പെട്ട ഡല്‍ഹി ഇന്‍ഡിഗോ വിമാനം യാത്രാമധ്യേ വഴിതിരിച്ചുവിടുകയുണ്ടായി. മൂന്നുമണിക്കൂറോളം ആകാശത്ത് തന്നെ സ്ഥിതിചെയ്ത വിമാനം പിന്നീട് ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയതോട ഡല്‍ഹി വിമാനത്താവളത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും രംഗത്തെത്തി. ജയ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ വിമാനം മണിക്കൂറുകളോളം റണ്‍വേയില്‍ തന്നെ കിടന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇനി എപ്പോള്‍ പുറപ്പെടുമെന്നറിയാതെ യാത്രക്കാര്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ തന്നെയായിരുന്നു. ശേഷം രണ്ട് മണിക്കാണ് വിമാനം ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 

അര്‍ധരാത്രി എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് തന്‍റെ രോഷം മുഴുവന്‍ അദ്ദേഹം പ്രകടിപ്പിച്ചത്. ‘മര്യാദ പാലിക്കാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍. ഇത് ഡല്‍ഹി വിമാനത്താവളത്തിന്‍റെ വെറും വൃത്തികെട്ട ഷോയാണ്. ജമ്മുവില്‍ നിന്ന് പുറപ്പെട്ടവിമാനം മൂന്നുമണിക്കൂറോളം ആകാശത്തു തന്നെയായിരുന്നു. പിന്നീട് ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ഇപ്പോളിതാ അര്‍ധരാത്രി 1മണിക്ക് വിമാനത്താവളത്തില്‍ നിന്നിറങ്ങി ഞാന്‍ ശുദ്ധവായു ശ്വസിക്കുന്നു. ഇനി ഇവിടെ നിന്ന് എപ്പോള്‍ പുറപ്പെടുമെന്ന് അറിയില്ല’ അദ്ദേഹം എക്സില്‍ കുറിച്ചു. വിമാനത്താവളത്തില്‍ നിന്നുള്ള സെല്‍ഫിയും അദ്ദേഹം പങ്കിട്ടിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷമുള്ള പോസ്റ്റില്‍ ഡല്‍ഹിയില്‍ താന്‍ രാവിലെ മൂന്ന് മണിക്ക് ശേഷം എത്തിയതായും അദ്ദേഹം കുറിച്ചു.

ദിവസങ്ങളായി ഡല്‍‌ഹി വിമാനത്താവളത്തില്‍ നിന്നുള്ള മിക്ക വിമാനങ്ങളും വളരെ വൈകിയാണ് പുറപ്പെടുന്നത്. കാറ്റിന്‍റെ ഗതികള്‍ മാറിമറിയുന്നതിനാലാണ് വിമാനങ്ങള്‍ വൈകുന്നതെന്ന് കാണിച്ച് ഞായറാഴ്ച യാത്രക്കാര്‍ക്കുള്ള അറിയിപ്പും വിമാനത്താവളം പുറപ്പെടുവിച്ചിരുന്നു. ‘പ്രോട്ടോക്കോളുകൾക്കനുസൃതമായി യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുകയാണ്. ഇതിനായുള്ള എയർ ട്രാഫിക് ഫ്ലോ മാനേജ്മെന്റ് നടപടികൾ ഇന്ന് നടപ്പിലാക്കും. ഡൽഹി വിമാനത്താവളത്തിലെ ടെർമിനലുകളിലും മൂന്ന് റൺവേകളിലുടനീളമുള്ള മറ്റെല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിലാണ്. വിമാനങ്ങളുടെ ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പടുക’ ഡല്‍ഹി വിമാനത്താവളത്തിന്‍റെ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അസൗകര്യം ഉണ്ടായതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നെന്നും പോസ്റ്റിലുണ്ട്.

അതേസമയം ഇന്നലെ ജമ്മു വിമാനത്താവളത്തിലെയും സാഹചര്യങ്ങള്‍ രൂക്ഷമായിരുന്നു. ശ്രീനഗറിലെ മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കുകയും കണക്ഷൻ ഫ്ലൈറ്റുകളെ ബാധിക്കുകയും ചെയ്തതു. തുടർന്ന് ജമ്മു വിമാനത്താവളത്തിൽ നൂറുകണക്കിന് യാത്രക്കാരാണ് പരാതിയുമായെത്തിയത്. ടെർമിനലിനുള്ളിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോകളും നിരവധി യാത്രക്കാർ പങ്കിട്ടിരുന്നു. കാലാവസ്ഥയാണ് പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്നും. അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇൻഡിഗോ എക്‌സിൽ കുറിച്ചിരുന്നു.

ENGLISH SUMMARY:

An Indigo flight from Srinagar to Delhi, carrying Jammu & Kashmir Chief Minister Omar Abdullah and other passengers, was diverted to Jaipur after circling in the air for over three hours. Omar Abdullah criticized Delhi Airport’s handling of the situation, calling it a “filthy show.” The delay and confusion were reportedly due to changing wind patterns affecting flight schedules across Delhi.