air-india-a350-damage

ഡൽഹി വിമാനത്താവളത്തിൽ ബാഗേജ് കണ്ടെയ്നർ കുടുങ്ങി എയര്‍ ഇന്ത്യ വിമാനത്തിന്‍റെ എന്‍ജിനുകളില്‍ ഒന്നിന് കേടുപാട്. ഡൽഹി– ന്യൂയോർക്ക് AI101 വിമാനത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. എയർ ഇന്ത്യയുടെ പുതിയ എയർബസ് എ350 വിമാനമാണിത്. റൺവേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍, ബാഗേജ് കണ്ടെയ്നർ വലിച്ചെടുക്കുകയായിരുന്നു. കനത്ത മൂടൽമഞ്ഞ് പൈലറ്റുമാരുടെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

വ്യാഴാഴ്ചയായിരുന്നു അപകടമുണ്ടായത്. പുലർച്ചെ 2.36 ന് പറന്നുയർന്നെങ്കിലും ഇറാനിയൻ വ്യോമപാത പെട്ടെന്ന് അടച്ചതിനെത്തുടർന്ന് യാത്ര പകുതിവഴിയിൽ നിർത്തി ഡൽഹിയിലേക്ക് തന്നെ മടങ്ങിയ വിമാനമായിരുന്നു ഇത്. തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍‌ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പാർക്കിങ് ബേയിലേക്ക് മാറുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ 5:25 ഓടെയായിരുന്നു അപകടം. പാര്‍ക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെ അവിടെയുണ്ടായിരുന്ന ഒരു ബാഗേജ് ടഗ്ഗിൽ നിന്ന് മറിഞ്ഞുവീണ കണ്ടെയ്നറാണ് വലത് വശത്തെ എന്‍ജിന്ഡ ഉള്ളിലേക്ക് വലിച്ചെടുത്തത്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറവായതിനാൽ പൈലറ്റുമാർക്ക് ഇത് ശ്രദ്ധിക്കാനായില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

രാജ്യത്തെ വിമാനത്താവളങ്ങളില്‍ മുന്‍പും ഗ്രൗണ്ട് വാഹനങ്ങളോ ശ്രദ്ധിക്കപ്പെടാത്ത ബാഗേജ് കണ്ടെയ്‌നറുകളോ വിമാനങ്ങളിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിട്ടുണ്ട്. പുതിയ സംഭവം കൂടിയായതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണോ ഇതെന്നും പരിശോധിക്കുന്നുണ്ട്.

ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ രാജ്യാന്തര ഡെസ്റ്റിനേഷനുകളെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ദീർഘദൂര റൂട്ടുകളിലാണ് എയര്‍ ഇന്ത്യയുടെ എ350 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഉയർന്ന ഡിമാൻഡ് ഉള്ള സര്‍വീസുകളാണിത്. എന്നാല്‍ ആകെ ആറ് വിമാനങ്ങളുള്ള A350 ഫ്ലീറ്റാണ് എയര്‍ ഇന്ത്യയ്ക്കുള്ളക്. ഇവയില്‍ ഒന്നായ തകരാറിലായ വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയതിനാൽ എയർ ഇന്ത്യയുടെ ചില എ350 സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്. ഇത്രയും ചെറിയ ഫ്ലീറ്റായതിനാല്‍ ഒരു വിമാനത്തിന് പോലും അപ്രതീക്ഷിതമായി കേടുപാടുകള്‍ സംഭവിക്കുന്നത്. ഈ റൂട്ടുകളിലെ ഷെഡ്യൂൾ തടസ്സങ്ങൾക്കോ സര്‍വീസുകള്‍ റദ്ദാക്കുന്നതിനോ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

An Air India Airbus A350 operating flight AI101 from Delhi to New York suffered significant engine damage at Delhi Airport after a baggage container was sucked into one of its engines. The incident occurred early Thursday morning while the aircraft was taxiing to a parking bay under conditions of heavy fog and low visibility. The aircraft had previously returned to Delhi shortly after takeoff due to the sudden closure of Iranian airspace amid regional tensions. While all passengers and crew remained safe, the right engine sustained damage from a container that had fallen off a baggage tug. The Directorate General of Civil Aviation (DGCA) has initiated a high-level probe into potential ground safety lapses. With one of its few A350 aircraft grounded for repairs, Air India warns of potential disruptions and cancellations on its major international routes. This incident raises urgent concerns regarding ground handling protocols at India’s busiest international airport.