ഡൽഹി വിമാനത്താവളത്തിൽ വച്ച് യാത്രക്കാരനെ ആക്രമിച്ച കേസില്‍ പൈലറ്റ് അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദര്‍ സെജ്‌വാളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ഡിസംബർ 19 ന് ഡൽഹി ഐജിഐ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ സുരക്ഷാ പരിശോധനാ കവാടത്തിന് സമീപത്തുവച്ചാണ് ആക്രമണം നടന്നത്.
പരാതിക്കാരനായ അങ്കിത് ദേവൻ തന്‍റെ ഭാര്യയ്ക്കും രണ്ട് ചെറിയ കുട്ടികൾക്കുമൊപ്പമാണ് വിമാനത്താവളത്തിലെത്തിയത്. സ്റ്റാഫിനായുള്ള ലെയ്‌നിലൂടെ പോകാൻ ശ്രമിക്കവെ, സെജ്‌വാൾ ഉൾപ്പെടെയുള്ള എയർലൈൻ ജീവനക്കാർ ക്യൂ തെറ്റിക്കാൻ ശ്രമിച്ചതായി അങ്കിത് ദേവൻ ആരോപിച്ചു. ഇയാള്‍ ഇത് ചോദ്യം ചെയ്തതോടെ തർക്കം രൂക്ഷമായി. സെജ്വാള്‍ തന്നെ വിദ്യാഭ്യാസമില്ലാത്തവൻ എന്ന് വിളിക്കുകയും മർദിക്കുകയും ചെയ്തതായി അങ്കിത് ദേവന്‍റെ പരാതിയില്‍ പറയുന്നു. മർദനത്തിൽ ദേവന്‍റെ മൂക്കിന് പരിക്ക് പറ്റിയിരുന്നു.
എന്നാൽ അങ്കിത് ദേവൻ തനിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും മോശമായി സംസാരിച്ചെന്നുമാണ് സെജ്‌വാൾ ആരോപിക്കുന്നത്. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ് സെജ്‌വാളിനെ സസ്പെന്‍ഡ് ചെയ്ത് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. ഡിസംബർ 22-നാണ് കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വ്യോമയാന മന്ത്രാലയം സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും ബിസിഎഎസ്, സിഐഎസ്എഫ് എന്നിവരോട് റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.