കര്‍ണാടകയില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയുടെ പൂണൂല്‍ അഴിക്കാന്‍ ആവശ്യപ്പെട്ടതോടെ വീണ്ടും വിവാദം. പൊതുപ്രവേശന പരീക്ഷക്കായെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദുരാനുഭവം. ബിദാറിലും ശിവമോഗ ജില്ലയിലും പരീക്ഷക്കെത്തിയ ബ്രാഹ്മണ വിദ്യാര്‍ഥികളോടാണ് പൂണൂല്‍ അഴിച്ച് പരീക്ഷക്ക് കയറാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഹിജാബിനു ശേഷം സംസ്ഥാനത്ത് പൂണൂലും വിവാദമായിരിക്കുകയാണ് .
പ്രതിഷേധം കനത്തതോടെ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കണക്കുപരീക്ഷയ്ക്ക് കയറുന്നതിനു തൊട്ടുമുന്‍പായിരുന്നു വിദ്യാര്‍ഥികളോട് ഈ ആവശ്യം ഉന്നയിച്ചത്. അതോടെ ഒരു വിദ്യാര്‍ഥി പരീക്ഷയെഴുതാതെ തിരിച്ചുപോയി. പൂണൂലുപയോഗിച്ച് പരീക്ഷയ്ക്ക് കോപ്പിയടിക്കാനോ മറ്റെന്തെങ്കിലും മോശം പ്രവര്‍ത്തി കാണിക്കാനോ സാധിക്കില്ലെന്ന് പറഞ്ഞ് വിദ്യാര്‍ഥി അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏകദേശം 45മിനിറ്റോളം സമയം താന്‍ അധികൃതരോട് കെഞ്ചിയെന്നും വിദ്യാര്‍ഥി പറയുന്നു. അധികൃതര്‍ കടുംപിടിത്തം തുടര്‍ന്നതോടെ പൂണൂല്‍ അഴിച്ചുമാറ്റി പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന് നിലപാടെടുത്ത് വിദ്യാര്‍ഥി തിരിച്ചുപോവുകയായിരുന്നു.
വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നു ഉച്ചക്ക് ശേഷമുണ്ടായിരുന്ന ജീവശാസ്ത്രം പരീക്ഷക്ക് ഈ നിലപാട് അധികൃതര്‍ മാറ്റി. പൂണൂലിട്ടുതന്നെ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. ഇതേ വിദ്യാര്‍ഥി തന്നെ ഫിസിക്സ് പരീക്ഷയും കെമിസ്ട്രി പരീക്ഷയും എഴുതിയപ്പോളും ഈ പ്രശ്നമുണ്ടായിരുന്നില്ല. ചീഫ് എക്സാം ഓഫീസര്‍ക്ക് വിഷയത്തില്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും ബിദാര്‍ ഡപ്യൂട്ടി കമ്മീഷണര്‍ ശില്‍പ ശര്‍മ പറഞ്ഞു.