ജമ്മുവിലെ കിഷ്ത്വാറില്‍ ജയ്ഷെ മുഹമ്മദിന്‍റെ മുതിര്‍ന്ന കമാൻഡർ സയ്ഫുല്ലയടക്കം മൂന്ന് ഭീകരരെ വധിച്ച് സൈന്യം. എകെ 47 തോക്കും അമേരിക്കന്‍ നിര്‍മിത M ഫോര്‍ തോക്കുമടക്കം വലിയ ആയുധശേഖരവും പിടിച്ചെടുത്തു. മറ്റൊരു ഏറ്റുമുട്ടലില്‍, ജമ്മു അഖ്നൂരില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.
മഞ്ഞുമൂടിയ കിഷ്ത്വാറില്‍ ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ജയ്ഷെ മുഹമ്മദ് കമാൻഡറും ചെനാബ് താഴ്‌വര മേഖലയില്‍ സജീവമായ ഭീകരന്‍ സയ്ഫുല്ലയയെയും മറ്റ് രണ്ട് ഭീകരരെയുമാണ് സൈന്യം കൊലപ്പെടുത്തിയത്. ബുധനാഴ്ച മുതല്‍ ഉദ്ദംപൂരില്‍ മൂന്ന് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ്, കിഷ്വത്വാറിലെ ഏറ്റുമുട്ടല്‍. വലിയ ആയുധശേഖരം ഭീകരരില്‍നിന്ന് പിടിച്ചെടുത്തു. ജമ്മു ജില്ലയിലെ അഖ്നൂരില്‍ നിയന്ത്രണ രേഖവഴിയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ വീരമൃത്യുവരിച്ചത്. ഇന്നലെ രാത്രി കെറി ബട്ടൽ മേഖലയില്‍ വനപ്രദേശത്തുകൂടിയാണ് ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. വന്‍തോതില്‍ ആയുധങ്ങളടക്കം സര്‍വസന്നാഹത്തോടെയാണ് ഭീകരരെത്തിയത്. ഭീകരര്‍ക്ക് വഴിയൊരുക്കാന്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.