ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാന വാഹിനി കപ്പലായ INS വിക്രാന്തിന് കൂട്ടായെത്തുകയാണ് റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങള്‍. 64,000 കോടി രൂപയുടെ ഇടപാടിന് പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി അംഗീകാരം നല്‍കി. 26 യുദ്ധവിമാനങ്ങളാണ് നാവികസേനയ്ക്കായി ഇന്ത്യ വാങ്ങുന്നത്.
2016ൽ വ്യോമസേനയ്ക്കായി 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിന് പിന്നാലെയാണ് സഹസ്രകോടികളുടെ മറ്റൊരു റഫാല്‍ ഇടപാടുകൂടി യാഥാര്‍ഥ്യമാകുന്നത്. 22 ഒറ്റ സീറ്റ് വിമാനങ്ങളും നാല് ഇരട്ട സീറ്റർ വിമാനങ്ങളുമാണ് നാവികസേനയ്ക്കായി വാങ്ങുക. കരാർ ഒപ്പിട്ട് ഏകദേശം അഞ്ച് വര്‍ഷം കൊണ്ടാകും വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിച്ചുതുടങ്ങുക. ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനാണ് റഫാൽ വിമാനങ്ങൾ നിർമിക്കുന്നത്. രാജ്യത്തിന്‍റെ അഭിമാനമായ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലാകും റഫാല്‍ മറീന്‍ വിമാനങ്ങള്‍ വിന്യസിക്കുക. നാവികസേന നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ വിമാനത്തില്‍ വരുത്തും. മറ്റൊരു വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാമാദിത്യയില്‍ റഷ്യന്‍ നിര്‍മിത മിഗ് 29 കെ യുദ്ധവിമാനങ്ങള്‍ തന്നെയാകും തുടര്‍ന്നും ഉപയോഗിക്കുക. പ്രതിരോധരംഗത്ത് ഇന്ത്യ നടത്തിയ ഏറ്റവും മികച്ച തീരുമാനമാണ് റഫാല്‍ യുദ്ധവിമാനങ്ങളെ സായുധസേനകളുടെ ഭാഗമാക്കിയത് എന്ന് വിലയിരുത്തലുണ്ട്. യുദ്ധവിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് നേരിടുന്ന വ്യോമസേനയ്ക്കായി രണ്ട് സ്ക്വാഡ്രണ്‍ റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.