ഇന്ത്യക്കാര്‍ക്ക് ചില പ്രത്യേക ചിട്ടകളും സ്വഭാവങ്ങളുമൊക്കെയുണ്ട്, ലോകത്ത് ഏത് കോണില്‍ പോയാലും അതൊന്നും മാറ്റാനാവില്ല, അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫ്രാന്‍സിലെ ലിയോണില്‍ നിന്നുള്ള സംഭവമാണ് ഉപയോക്താക്കളില്‍ ചിരി പടര്‍ത്തുന്നത്.
തുണികള്‍ ടെറസിലിട്ട് വെയിലില്‍ ഉണക്കിയാലേ പലര്‍ക്കും തൃപ്തിയാവുകയുള്ളൂ, ഈ വിഡിയോയിലും സംഭവിക്കുന്നത് അതാണ്, ലിയോണില്‍ ഭര്‍ത്താവിനൊപ്പമെത്തിയ ഭാര്യ ടെറസില്‍ അയ വലിച്ചു കെട്ടുന്നതും തുണികള്‍ ഉണക്കാനിട്ടതുമാണ് വിഡിയോയില്‍ ഉള്ളത്. ഇത് ഫ്രാൻസ് ആണെന്നും ഇവിടെ ഇങ്ങനെ വീടിനു പുറത്ത് തുണി ഉണക്കാനിടുന്നത് അനുവദനീയമല്ലെന്നും വിഡിയോയില്‍ ഭർത്താവ് പറയുന്നു. ഫ്രാൻസിൽ വസ്ത്രം അലക്കാൻ കൊടുക്കുന്നത് ഏറെ ചെലവേറിയ കാര്യമാണെന്നും തുണിയലക്കാൻ കൊടുക്കുമ്പോൾ നാട്ടിലെ 300 മുതൽ 400 രൂപ വരെ ചെലവാകുമെന്നും ഭാര്യ മറുപടി പറയുന്നു. ഇക്കാര്യത്തില്‍ ഇനിയാരെങ്കിലും പരാതി പറഞ്ഞാല്‍ മിണ്ടാതിരുന്നോളാമെന്നും ഫ്രഞ്ചുഭാഷ മനസിലാകാത്തതുകൊണ്ട് രക്ഷപ്പെടാമെന്നും പറയുന്നു ഭാര്യ.
നിരവധിപേര്‍ ഈ വിഡിയോ ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു. ‘ഫ്രാൻസിൽ, വീടിന്‍റെ ടെറസിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടതിന് ഭർത്താവ് എന്നെ വഴക്കുപറഞ്ഞു’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ വിഡിയോ പങ്കുവച്ചത്. പിന്നാലെ ഭര്‍ത്താവ് കുറിച്ചതിങ്ങനെയാണ്, ‘നിങ്ങളുടെ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുവരും മുന്‍പ് നൂറുതവണ ചിന്തിക്കുക’. ചിരി പടര്‍ത്തുകയാണ് ഇരുവരുടേയും കമന്റുകള്‍.