ട്രാവൽ വ്ലോഗ് വീഡിയോകളിലൂടെ സൈബറിടത്തിലെ നിറസാന്നിധ്യമാണ് അരുണിമ ബാക്ക്പാക്കർ. ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. ലിഫ്റ്റ് ചോദിച്ചും നടന്നും വണ്ടിയിലുമൊക്കെ സഞ്ചരിച്ച് അരുണിമ താണ്ടിയ ദൂരം വളരെ വലുതാണ്. യാത്രകളില്‍ തനിക്ക് കടന്നു പോകേണ്ടി വരുന്ന നല്ലതും അത്ര നല്ലതല്ലാത്തതുമായ അനുഭവങ്ങള്‍ അരുണിമ പങ്കുവെക്കാറുണ്ട്.
ആഫ്രിക്കയിലാണ് കക്ഷിയുടെ ഇപ്പോഴത്തെ സഞ്ചാരം. അവിടെ നിന്നുള്ള പ്രത്യേകതരം മസാജിന്‍റെ വിഡിയോ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി. സ്പായില്‍ നിന്ന് വ്യത്യസ്തമായി ഒരു വെള്ളച്ചാട്ടത്തിനുതാഴെയാണ് മസാജിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. തികച്ചും പ്രകൃതിയുടെ മടിയില്‍ എന്നുപറയാവുന്ന സജ്ജീകരണങ്ങളാണ് അവിടെയുണ്ടായിരുന്നത്. വാഴയിലയും സുഗന്ധധൂപവുമെല്ലാമായി നല്ല കിടിലന്‍ വൈബ്.
മസാജ് ആരംഭിച്ചപ്പോള്‍ തന്നെ താന്‍ ഉറങ്ങിപ്പോയെന്നും ബാഗ് തൂക്കി നടക്കുമ്പോഴുണ്ടായ തോള്‍ വേദനയും കാല്‍ വേദനയുമെല്ലാം മാറിയെന്നും അരുണിമ പറയുന്നു. ഒരു പുരുഷനാണ് മസാജ് ചെയ്തത്. ഒരു മോശം അനുഭവവും ഉണ്ടായില്ല. സ്ത്രീകള്‍ ചെയ്യുന്നത് പോലെ തന്നെയാണ് തനിക്ക് തോന്നിയെന്നും അരുണിമ പറയുന്നു.
കേരളത്തിലെ സ്പാകളിലെ റെയ്ഡും കാര്യങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോഴാണ് ആഫ്രിക്കയില്‍ നിന്നുള്ള മസാജ് അരുണിമ വിഡിയോയില്‍ പകര്‍ത്തിയത്. നേരത്തെ തുർക്കിയിൽ വെച്ച് ഒരു കാറിൽ ലിഫ്റ്റ് ലഭിച്ചപ്പോൾ വാഹന ഉടമയുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവം അരുണിമ പങ്കുവെച്ചിരുന്നു.