എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനം, ഡല്‍ഹി

320 കോടി രൂപയുടെ പണം തിരിമറിക്കേസില്‍ മഹാരാഷ്ട്രയിലെ കരം ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (KIPL), കരം ബ്രഹ്മാണ്ട് അഫോഡബിള്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ്  (KBAHPL) എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാരുടെയും 19.61 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കരം (KARRM) ഗ്രൂപ്പിലെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരുടെയും ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാവര, ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടിയവയില്‍പ്പെടുമെന്ന് എന്‍ഫോഴ്സമെന്‍റ് ഡ‍യറക്ടറേറ്റ് അറിയിച്ചു.

താനെയിലെ ഷാഹപുര്‍, നൗപാഡ, പാല്‍ഗറിലെ സഫാല പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതില്‍ രണ്ട് കേസുകളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കെ.ഐ.പി..എല്‍, കെ.ബി.എ.എച്ച്.പി.എല്‍ എന്നീ കമ്പനികളുടെ മേധാവി രമാകാന്ത് ജാഠവും മറ്റ് ഡയറക്ടര്‍മാരുമാണ് പ്രതികള്‍.

ചെറിയ വിലയ്ക്ക് ഫ്ലാറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് ജാഠവും സ്ഥാപനങ്ങളും ചേര്‍ന്ന് സാധാരണക്കാരില്‍ നിന്ന് 320.51 കോടി രൂപ സമാഹരിച്ചു. പ്രമുഖ ചലച്ചിത്ര താരങ്ങളടക്കമുള്ളരെ ഉപയോഗിച്ച് ആകര്‍ഷകമായ പരസ്യങ്ങളും വാഗ്ദാനങ്ങളും നല്‍കിയായിരുന്നു ധനസമാഹരണം. എന്നാല്‍ ആര്‍ക്കും ഫ്ലാറ്റുകള്‍ ലഭിച്ചില്ല. ദിവസവേതനക്കാര്‍ അടക്കം വഞ്ചിക്കപ്പെട്ടവരില്‍പ്പെടുന്നു.

പിരിച്ചെടുത്ത പണത്തില്‍ ഏറിയ പങ്കും ഇവരുടെ പ്രധാന റസിഡന്‍ഷ്യല്‍ പ്രോജക്ടുകളുടെ പരസ്യം നല്‍കാനും ഭൂമി വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കും ചെലവഴിച്ചു. ഈ പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബരജീവിതം നയിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഡ‍ിസംബറില്‍ പ്രതികളുടെയും അവരുമായി ബന്ധമുള്ളവരുടെയും വീടുകളിലും ഓഫിസുകളിലും ഇഡി റെയ്ഡ് നടത്തി രേഖകളും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിരുന്നു. 

ENGLISH SUMMARY:

The Enforcement Directorate (ED) conducted a raid on a company linked to Bollywood actor Vivek Oberoi. In connection with a housing scheme scam, ED seized assets worth ₹19 crore belonging to Karrm Developers. The investigation revolves around financial irregularities in a housing project intended for economically weaker families.