ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിന് ഒരുമാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാം ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ തീരുമാനം. സ്വര്‍ണക്കൊള്ളയില്‍ ഇഡിക്കും അന്വേഷണം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു  ദേവസ്വം ബെഞ്ചിന്‍റെ നിര്‍ദേശം. അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എസ്.പി.ശശിധരൻ കോടതിയില്‍ നേരിട്ടെത്തി. അന്വേഷണ പുരോഗതി ഉള്‍പ്പെടുത്തി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, മുന്‍ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാര്‍ എന്നിവരുടെ അറസ്റ്റ് , ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ അടച്ചിട്ട മുറിയില്‍ എസ്പി കോടതിയെ അറിയിച്ചു, അന്വേഷണ നിര്‍ണായക ഘട്ടത്തിലാണെന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയതോടെ അന്വേഷണത്തിന് ഒരു മാസം കൂടി അനുവദിച്ചത്. 

വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റിലേക്കടക്കം അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് പുറമെ ഇഡിയും സ്വര്‍ണക്കൊള്ളയില്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് റാന്നി, കോടതിയിലും കൊല്ലം വിജിലന്‍സ് കോടതിയിലും ഇഡി അപേക്ഷ നല്‍കും. മുന്‍പ് സമര്‍പ്പിച്ച അപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. 

ഇഡിയുടെ അന്വേഷണത്തെ കോടതി തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇഡിയുടെ പുതിയ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശവും നല്‍കി. സ്വര്‍ണക്കൊള്ളയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഇഡി കള്ളപ്പണമിടപാടുകള്‍ നടന്നതായും സംശയിക്കുന്നു. തുടര്‍ന്നാണ് വിശദ അന്വേഷണം ആരംഭിക്കാന്‍ എഫ്ഐആര്‍ അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്‍റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. 

ENGLISH SUMMARY:

The High Court has granted an additional one-month extension for the Sabarimala gold heist investigation. The decision was made by the Devaswom Bench after considering the third interim report submitted by the Special Investigation Team (SIT). The court also clarified that the Enforcement Directorate (ED) is permitted to conduct a parallel investigation into the gold smuggling case. The Devaswom Bench had earlier directed that the investigation be completed and the report submitted today. The SP Shashidharan, who heads the investigation team, appeared in court and submitted the interim report detailing the progress of the investigation.