jaishankar

TOPICS COVERED

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്‍റെ സന്ദര്‍ശനത്തിനിടെ ലണ്ടനില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ബ്രിട്ടനെ ആശങ്ക അറിയിച്ച് ഇന്ത്യ. ബ്രിട്ടന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കനുസരിച്ചായിരിക്കും തുടര്‍ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലദേശില്‍ ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കേണ്ടത് ഇടക്കാലസര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ അപേക്ഷനല്‍കിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു 

 

ഇന്നലെ ലണ്ടനിലെ ചതാം ഹൗസില്‍ ചര്‍ച്ചകഴിഞ്ഞ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മടങ്ങവെയാണ് ഖലിസ്ഥാന്‍ വാദികളില്‍ ഒരാള്‍ കാറിനടുത്തെിയതും ഇന്ത്യന്‍ ദേശീയ പതാക കീറിയെറിഞ്ഞതും. സംഭവത്തെ അപലപിച്ച ഇന്ത്യ യു.കെയെ ഔദ്യോഗികമായി കടുത്ത ആശങ്ക അറിയിച്ചു. തീവ്രനിലപാടുകാരുടെ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന യു.കെയുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ നടപടികള്‍ എന്തായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തുടര്‍ നിലപാടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു

ബംഗ്ലദേശില്‍ 2024 ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി 15 വരെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ 1254 അക്രമങ്ങള്‍ നടന്നതായി സ്ഥിരീകരിച്ചു. അക്രമികള്‍ക്കെതിരെ ഇടക്കാല സര്‍ക്കാര്‍ കര്‍ശന നടപടി  ഉറപ്പാക്കണം. ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നിലവില്‍ മോദി വനുവാത്വു പൗരത്വം സ്വീകരിച്ചെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചാലും കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ തുടരും. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ENGLISH SUMMARY:

India has expressed concern to the UK over the security lapse during External Affairs Minister S. Jaishankar’s visit to London. The Ministry of External Affairs stated that India's further stance will depend on the measures taken by Britain.