AI Generated Image

AI Generated Image

TOPICS COVERED

പാലെന്നു കരുതി അബദ്ധത്തില്‍ ഡ്രെയിന്‍ ക്ലീനര്‍ കുടിച്ച ഒന്നേകാല്‍ വയസുകാരന് ഹൃദയാഘാതം. കുഞ്ഞിന്റെ വായും, തൊണ്ടയും നാക്കുമടക്കം പൊള്ളുകയും ശബ്ദം നഷ്ടപ്പെടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. യുകെയിലെ ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവം നടന്നത്. അമ്മ ശുചിമുറി വൃത്തിയാക്കുന്നതിനിടെയാണ് കുട്ടി വെളുത്ത നിറത്തിലുള്ള ഡ്രെയിന്‍ ക്ലീനര്‍ എടുത്തു കുടിച്ചത്. കുട്ടിയുടെ അതിജീവനം ലക്ഷത്തിലൊരാള്‍ക്ക് മാത്രം സംഭവിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഒന്നര വയസുകാരന്‍ സാം അന്‍വറിന്റെ അമ്മ മുക്താര ശുചിമുറി വൃത്തിയാക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. സാം അമ്മയുടെ പിന്നിലൂടെ പോയി തറയില്‍ വച്ചിരുന്ന കുപ്പിയിലുണ്ടായിരുന്ന ഡ്രെയിന്‍ ക്ലീനര്‍ കുടിക്കുകയായിരുന്നു. ചുണ്ട്,വായ,നാക്ക്, തൊണ്ട,ശ്വാസനാളം, ഉള്‍പ്പെടെ ഗുരുതരമായ തോതില്‍ പൊള്ളലേറ്റു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വച്ച് മൂന്നുമിനിറ്റ് നേരത്തേക്ക് കുട്ടിയുടെ ഹൃദയം നിലച്ചതായും ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലിലൂടെ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

കുടിച്ച ദ്രാവകത്തിന്റെ തീവ്രതകൊണ്ട് കുട്ടിയുടെ ശബ്ദം നഷ്ടപ്പെട്ടതായും നാക്കിന്റെ പകുതിഭാഗം ഇല്ലാതായെന്നും മുക്താര പറയുന്നു. ബർമിംഗ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ രണ്ട് മാസത്തോളം സാമിന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നല്‍കി. പിന്നീട് മുറിയിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാനാകാത്ത കുട്ടിക്ക് മൂക്കിലൂടെയാണ് ഭക്ഷണം നല്‍കിയിരുന്നത്. രണ്ടു മാസത്തിനു ശേഷം മൂക്കില്‍ നിന്നും ഫീഡിങ് ട്യൂബ് നീക്കം ചെയ്ത് നേരിട്ട് വയറ്റിലേക്ക് സ്ഥാപിക്കുകയായിരുന്നു. നിലവില്‍ വാ അടയ്ക്കാന്‍ പറ്റുന്നുണ്ടെന്നും ആഹാരം കഴിക്കാന്‍ പറ്റാത്ത തോതില്‍ ഒരു ചെറിയ വിടവ് മാത്രമാണ് വായില്‍ അവശേഷിക്കുന്നതെന്നും കുടുംബം പറയുന്നു. 

അഞ്ചുമാസത്തെ ചികിത്സയ്ക്കു ശേഷം സാം വീട്ടിലേക്ക് മടങ്ങി. വയറ്റിലേക്ക് ഫീഡിങ് ട്യൂബ് ഇട്ട അവസ്ഥയില്‍ തന്നെയാണ് കുട്ടി. വായ ശരിയായ തോതില്‍ തുറക്കാനായും ആന്തരിക പൊളളലുകള്‍ പരിഹരിക്കുന്നതിനായും സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ ആവശ്യമാണെന്ന് പിതാവ് പറയുന്നു. ജർമ്മനിയിലെയും തുർക്കിയിലെയും മെഡിക്കൽ വിദഗ്ധരുടെ അടുത്ത് മകനെ കൊണ്ടുപോകുന്നതിനുള്ള പണം കണ്ടെത്താനായി പിതാവ് നദീൻ അൽഷാമെരി ഇപ്പോൾ ഒരു ഗോഫണ്ട്മീ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. പണമെങ്ങനെയെങ്കിലും കണ്ടെത്തി കുഞ്ഞിന്റെ ആരോഗ്യാവസ്ഥ സാധാരണ നിലയിലാക്കാമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍. 

ENGLISH SUMMARY:

Drain cleaner ingestion led to a one-year-old suffering a heart attack and severe burns after accidentally drinking drain cleaner. The incident in Birmingham, UK, highlights the importance of child safety and the devastating consequences of accidental poisoning.