AI Created Image
ഹോട്ടലില്‍ താമസക്കാര്‍ വസ്ത്രം മാറുന്നതും കിടപ്പറ ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മലയാളിക്ക് 14മാസം ജയില്‍ ശിക്ഷ. നോർത്തേണ്‍ അയർലൻഡിലെ ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്‌നിലലാണ് ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങൾ നിർമൽ വർഗീസ് (37) പകർത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 13നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിചാരണയ്ക്ക് ശേഷം നവംബർ 17 നാണ് കോടതി ശിക്ഷ വിധിച്ചതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിമാന്‍ഡില്‍ കഴിഞ്ഞ കാലം കൂടി 14 മാസത്തെ ജയില്‍ ശിക്ഷയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിർമലിന് ഹോം ഓഫിസ് നല്‍കിയ വര്‍ക്ക് വീസ റദ്ദാക്കുമെന്നും ശിക്ഷയുടെ കാലാവധി കഴിയുമ്പോൾ നാട് കടത്തപ്പെടാൻ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നും റിപ്പോർട്ട് ഉണ്ട്.
കൊളറെയ്‌നിലെ ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിമലിന്‍റെ ഫോണില്‍ നിന്നും 16 പേരുടെ ദൃശ്യങ്ങള്‍ യുകെ പൊലീസ് കണ്ടെടുത്തു. ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ ദമ്പതികളും സ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് നിർമൽ പകര്‍ത്തിയത്.
ഹോട്ടലിലെ വിനോദ സൗകര്യങ്ങള്‍ ഉപയോഗിച്ച ശേഷം വസ്ത്രം മാറാന്‍ എത്തുമ്പോള്‍ ഏർപ്പെടുത്തിയ മറയ്ക്ക് അടിഭാഗത്തു കൂടി ഗ്ലൗസ് ധരിച്ച കൈകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ തനിക്ക് നേരെ തിരിയുന്നത് കണ്ട ഒരു സ്ത്രീയാണ് നിര്‍മലിനെ കയ്യോടെ പിടികൂടി പരാതി നൽകിയത്. വസ്ത്രം പകുതി മാറിയ നിലയില്‍ എത്തിയപ്പോഴായിരുന്നു നിർമലിന്‍റെ പ്രവർത്തി സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്ത്രീ ഒച്ചവെച്ചതോടെ ഭര്‍ത്താവ് എത്തി നിര്‍മലിന്‍റെ മൊബൈൽ ഫോണ്‍ പരിശോധിച്ചു. നിർമലിന്‍റെ പേര് 10 വര്‍ഷത്തേക്ക് ലൈംഗിക അതിക്രമ കുറ്റവാളികളുടെ ലിസ്റ്റില്‍ സൂക്ഷിക്കണം എന്ന് ഉത്തരവിട്ട കോടതി പ്രതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളയാനും പൊലീസിനോട് നിര്‍ദേശിച്ചു.