manipur-football

TOPICS COVERED

ഫ്ലൂറസന്റ് പച്ച ജഴ്സിയണിഞ്ഞ് കയ്യില്‍ തോക്കുമേന്തി യുവാവിന്റെ ഫുട്ബോള്‍ കളി. സോക്ക്സും ഷോര്‍ട്സുമണിഞ്ഞ് ഒരു മത്സരത്തിനുള്ള തയ്യാറെടുപ്പോടെ കാമറയ്ക്കു മുന്‍പിലേക്ക്. പക്ഷേ കയ്യില്‍ രണ്ട് തോക്കുകള്‍, ഒന്ന് കയ്യില്‍ പിടിച്ചിരിക്കുന്നു, മറ്റൊന്ന് വലതുഷോള്‍ഡറില്‍ തൂക്കിയിട്ടിരിക്കുന്നു. ഇത്രയും പരസ്യമായി ആയുധമേന്തിയ യുവാവിന്റെ ഇതുവരെ കാണാത്ത ഫുട്ബോള്‍ മത്സരദൃശ്യങ്ങള്‍ മണിപ്പൂരില്‍ നിന്നാണ് പുറത്തുവരുന്നത്. 

കാങ്പോക്പി ജില്ലയില്‍ നിന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിഡിയോ പുറത്തുവന്നത്. ‘ഫുട്ബോള്‍ മാച്ച് വാംഅപ്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരാള്‍ മാത്രമല്ല ഒരു ഡസനോളം ആളുകള്‍ ഇതുപോലെ എകെ, അമേരിക്കന്‍ എം സീരീസ് ആയുധങ്ങളേന്തി ഫുട്ബോള്‍ കളിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്. തലസ്ഥാനമായ ഇംഫാലില്‍ നിന്നും 30കിമീ മാത്രം ദൂരെയാണ് ഈ സംഭവം നടന്നത്. 

ജഴ്സിയുടെ മുന്‍വശത്ത് ‘സനാക്കാങ്’എന്നും പുറകുവശത്ത് ‘ഗിന്ന കിപ്ഗെന്‍’ എന്നും എഴുതിയിട്ടുണ്ട്. ജനുവരി 20നായിരുന്നു മത്സരമെന്ന് വിഡിയോയില്‍ കാണുന്ന പോസ്റ്ററില്‍ വ്യക്തമാണ്. പങ്കുവച്ച വിഡിയോ പിന്നീട് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ നംപി റോമിയോ ഡിലീറ്റ് ചെയ്തു. അതേസമയം ഈ വിഡിയോ പുറത്തുവന്നതോടെ വലിയ ചര്‍ച്ചയും പ്രതിഷേധവും ഉയര്‍ന്നു. ഫുട്ബോള്‍ ടീമാണോ അതോ കുക്കി തീവ്രവാദികളാണോ എന്ന തരത്തിലും സംശയങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചില സാമൂഹിക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.