സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തൃശൂര്‍ മാജിക് എഫ്.സി - കണ്ണൂര്‍ വോറിയേഴ്സ് ഫൈനല്‍. മലപ്പുറം എഫ്.സിയെ 3–1ന് തകര്‍ത്താണ് തൃശൂര്‍ ഫൈനലിലെത്തിയത്. മാര്‍ക്കസ് ജോസഫിന്റെ ഹാട്രിക്കാണ് തൃശൂരിനെ ഫൈനലിലെത്തിച്ചത്. ആവേശം ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ സ്റ്റേഡിയം ഓറഞ്ച് കടലിൽ അലയടിച്ചു.
കളിയുടെ തുടക്കം മുതലേ ആക്രമിച്ചു കളിച്ച തൃശൂരിനായി 26 മിനിറ്റിൽ ഫ്രീകിക്കിലൂടെ മാർക്കസ് ജോസഫ് ലക്ഷ്യം കണ്ടു. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ മലപ്പുറം തിരിച്ചടിച്ചു. 46ാം മിനിറ്റിൽ എൽഫോഴ്സിയാണ് മലപ്പുറത്തിനായി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ മലപ്പുറം പിടിമുറുക്കി തുടങ്ങി. എന്നാൽ പോസ്റ്റും ക്രോസ് ബാറും തൃശൂരിനൊപ്പം നിന്നു. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് 84 മിനിറ്റിൽ തൃശൂരിനായി മാർക്കസ് ജോസഫ് വീണ്ടും ഗോൾ വല കുലുക്കി. ഗ്യാലറി ആർത്തിരമ്പി, ഫോണുകളുടെ ഫ്ലാഷ് ലൈറ്റുകളിലൂടെ ആരാധർ ആവേശം തെളിയിച്ചു.
ഇഞ്ചുറി ടൈമിന്റെ അവസാനം മിനിറ്റിൽ മലപ്പുറത്തിന്റെ നെഞ്ചിൽ അവസാന ആണിയും അടിച്ച് മാർക്കസ് ജോസഫ് ഹാട്രിക് നേടി. ഒരു പൂ മാത്രം ചോദിച്ച ആരാധകർക്ക് ഒരു പൂക്കാലം കൊടുത്ത് തൃശൂർ മാജിക്ക് എഫ്സി ഫൈനലിലേക്ക്.
ഇന്നലെ നടന്ന ആദ്യ സെമിയില്‍ കണ്ണൂർ വാരിയേഴ്‌സ് എഫ്സി നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ആദ്യമായാണ് കണ്ണൂര്‍ ടീം ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം പകുതിയിൽ മുഹമ്മദ് സിനാന്റെ ബൂട്ടിൽ നിന്നായിരുന്നു ഗോൾ. വെള്ളിയാഴ്ച്ച കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് ഫൈനല്‍ പോരാട്ടം.