Argentine footballers Lionel Messi and Rodrigo De Paul and Uruguayan footballer Luis Suarez during a visit at Vantara, a wildlife rescue, rehabilitation and conservation centre, in Jamnagar, Gujarat. (Vantara via PTI Photo)(PTI12_16_2025_000659A)

Argentine footballers Lionel Messi and Rodrigo De Paul and Uruguayan footballer Luis Suarez during a visit at Vantara, a wildlife rescue, rehabilitation and conservation centre, in Jamnagar, Gujarat. (Vantara via PTI Photo)(PTI12_16_2025_000659A)

ഇന്ത്യാ പര്യടനം പൂർത്തിയാക്കിയ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചിരുന്നുവെന്നും അദ്ദേഹത്തിനായി ഒരു ജേഴ്സി വാങ്ങിയിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ. 

ലയണല്‍ മെസ്സി വളരെ ഒതുങ്ങിയ വ്യക്തിയാണെന്നും ബഹളങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ആളാണെന്നും പ്രഫുൽ പട്ടേൽ പറയുന്നു. ഇന്ത്യയില്‍ വരുമ്പോള്‍ ഒരു നേതാക്കളേയും കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രം കാണാന്‍ സമ്മതിച്ചുവെന്നും പട്ടേല്‍. മോദിയുടെ 75-ാം ജന്മദിനത്തിൽ സമ്മാനിക്കാനായി ലയണൽ മെസ്സി ഒരു ജേഴ്സി പ്രത്യേകമായി കൊണ്ടുവന്നിരുന്നു എന്നും അത് വ്യക്തിപരമായിത്തന്നെ സമ്മാനിക്കാൻ ആഗ്രഹിച്ച ഒന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പട്ടേല്‍ മെസ്സിയെക്കുറിച്ച് സംസാരിച്ചത്. 

പ്രധാനമന്ത്രി മോദിയെ കാണാൻ മെസ്സി സമ്മതിച്ചത് ഒരു ചെറിയ കാര്യമല്ലെന്നും പട്ടേൽ സൂചിപ്പിച്ചു. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താരം സമ്മതിച്ചിരുന്നത്. അങ്ങനെയൊരു നിമിഷം ഉണ്ടായിരുന്നെങ്കില്‍ അത് മനോഹരമാകുമായിരുന്നുവെന്നും പട്ടേല്‍. മോദിയുമായി സംസാരിക്കാനോ ഒരു പന്ത് തട്ടാനോ പന്തിലോ ജേഴ്സിയിലോ ഒരു ഒപ്പിട്ട് നല്‍കുന്നതോ ആയ നിമിഷമാണ് ഇല്ലാതായതെന്നും പട്ടേല്‍ പറയുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ് പട്ടേൽ. 

messi-modi

മെസിയുടെ പര്യടനത്തിലെ ഡൽഹി യാത്രയും, പ്രധാനമന്ത്രി മോദിയുടെ ജോർദാൻ സന്ദർശനവും ഒരേ സമയം വന്നതിനാലാണ് തീരുമാനിച്ചുറപ്പിച്ചിരുന്ന കൂടിക്കാഴ്ച്ച നടക്കാതെ പോയതെന്നും പട്ടേല്‍ പറയുന്നു. നേരത്തേ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി 20മിനിറ്റായി വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു. രാഷ്ട്രീയക്കാർ, പോലീസ് ഉദ്യോഗസ്ഥർ, വിഐപികൾ ഉള്‍പ്പെടെ മെസിയ്ക്കൊപ്പം നില്‍ക്കാന്‍ തിടുക്കം കൂട്ടിയതോടെ ആകെ ബഹളമയമായതാണ് കാരണം. 

ഫുട്ബോൾ സൂപ്പർതാരത്തെ കാണാനെത്തിയ ആരാധകർ കാണാന്‍ പറ്റാതായതോടെ അസ്വസ്ഥരായി കസേരകളും കുപ്പികളും വലിച്ചെറിഞ്ഞതും സ്റ്റേഡിയത്തിലെ വസ്തുവകകൾ നശിപ്പിച്ചതും വാര്‍ത്തകളായി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സർക്കാർ ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 

ENGLISH SUMMARY:

Lionel Messi's India visit was intended to include a meeting with Prime Minister Narendra Modi. Former minister Prafull Patel revealed that Messi had a jersey prepared as a gift, but the meeting didn't materialize due to scheduling conflicts.