അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരെ വഹിച്ചുള്ള ആദ്യവിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തി. 104 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.55ന് യുഎസ് മിലിറ്ററിയുടെ സി–17 ചരക്കുവിമാനം അമൃത്‍സറിലെ ശ്രീ ഗുരു രാംദാസ് ജി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. തിരിച്ചെത്തിയ ഇന്ത്യക്കാരില്‍ മുപ്പതുപേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. 33 ഹരിയാനക്കാരും ഗുജറാത്തില്‍ നിന്നുള്ള 33 പേരും സംഘത്തിലുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടുപേരും തിരിച്ചെത്തി.
ഡോണള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരമേറ്റതിനുപിന്നാലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികള്‍ സജീവമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് അനധികൃതമായി അമേരിക്കയില്‍ എത്തുകയോ വീസ, വര്‍ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞശേഷവും അവിടെ തുടരുകയോ ചെയ്ത ഇന്ത്യക്കാരെ നാടുകടത്തുന്നത്. 205 പേരെ തിരിച്ചയയ്ക്കുമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്. ശേഷിച്ചവരെ വൈകാതെ മടക്കി അയച്ചേക്കും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അനധികൃത മാര്‍ഗങ്ങളിലൂടെ യുഎസില്‍ എത്തിയ ഒട്ടേറെപ്പേര്‍ നാടുകടത്തല്‍ ഭീഷണിയിലാണ്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന അമേരിക്കയുടെ നടപടികളോട് ഇന്ത്യ പൂര്‍ണമായി സഹകരിക്കുന്നുണ്ട്. ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്‍സ്വാളും വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. രേഖകള്‍ പരിശോധിച്ച് ഇന്ത്യന്‍ പൗരന്മാരെന്നുറപ്പാക്കപ്പെടുന്ന എല്ലാവരെയും സ്വീകരിക്കുമെന്ന് രണ്‍ധീര്‍ ജയ്‍സ്വാള്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 12ന് അമേരിക്കയിലെത്താനിരിക്കേയാണ് ട്രംപ് ഭരണകൂടത്തിന്‍റെ തിരക്കിട്ട നടപടികള്‍. കുടിയേറ്റവിഷയം മോദി ട്രംപുമായി ചര്‍ച്ച ചെയ്യും.
അമേരിക്കയില്‍ നിന്നുള്ള വിമാനം എത്തുന്നത് കണക്കിലെടുത്ത് അമൃത്‍സര്‍ വിമാനത്താവളത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തിരിച്ചെത്തിയവരെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി അതത് സംസ്ഥാനങ്ങളിലേക്കയയ്ക്കും. ഇന്നെത്തിയവരെ സ്വീകരിക്കാന്‍ ബന്ധുക്കളാരും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നില്ല. വീസ കാലാവധിയോ വര്‍ക് പെര്‍മിറ്റോ കഴിഞ്ഞതിന്‍റെ പേരില്‍ നാടുകടത്തുന്ന നടപടിയെ പഞ്ചാബ് സര്‍ക്കാര്‍ വിമര്‍ശിച്ചു.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വന്‍ കുതിപ്പാണ് ഉണ്ടായത്. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 400 ശതമാനമാണ് വര്‍ധന. 2021ല്‍ 292 പേരെ തിരിച്ചയച്ച അമേരിക്ക കഴിഞ്ഞവര്‍ഷം 1529 പേരെ നാടുകടത്തി. 2024ല്‍ ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടുവെന്ന് ചുരുക്കം. ഇപ്പോള്‍ അമേരിക്കയിലുള്ള പതിനെണ്ണായിരത്തോളം പേരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. എന്നാല്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം ഇതിന്‍റെ പലമടങ്ങാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.