രാഷ്ട്രപതിഭവൻ കല്യാണത്തിന് വേദിയാവാനൊരുങ്ങുന്നു. രാഷ്ട്രപതിയുടെ പഴ്സനൽ സെക്യൂരിറ്റി ഓഫിസറും സിആർപിഎഫിലെ അസിസ്റ്റന്റ് കമാൻഡാന്റുമായ പൂനം ഗുപ്തയുടെ വിവാഹത്തിനാണു രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗണിൽ ഈമാസം 12നു മണ്ഡപമൊരുങ്ങുക. രാഷ്ട്രപതിഭവനിൽ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വിവാഹമണ്ഡപമൊരുങ്ങുന്നത്.
ഗ്വാളിയർ സ്വദേശിയാണു അസിസ്റ്റന്റ് കമാൻഡന്റ് പൂനം ഗുപ്ത. റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ മാത്രമുള്ള സിആർപിഎഫ് സംഘത്തെ പൂനം ഗുപ്തയാണു നയിച്ചത്. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റ് അവനീഷ് കുമാറുമായുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണു പങ്കെടുക്കുക.
എന്നാല്‍ രാഷ്ട്രപതി ഭവൻ ഈ വാർത്തയെക്കുറിച്ചു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൂനം ഗുപ്തയുടെ ജോലിയിലും ആത്മാർഥതയിലും മതിപ്പ് തോന്നിയ രാഷ്ട്രപതി ദ്രൗപദി മുർമുവാണു വിവാഹ വേദിയൊരുക്കാൻ നിർദേശിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.