കടുത്ത വിഷപ്പുക മഞ്ഞിനെ തുടര്‍ന്ന് താറുമാറായി ഡല്‍ഹിയിലെ വ്യോമ, റയില്‍, റോഡ് ഗതാഗതം. പ്രധാനമന്ത്രിയുടെ വിമാനമടക്കം വൈകി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും അതിരൂക്ഷമായി.
രാവിലെ എട്ടുമണിക്കും കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു ഡല്‍ഹിയുടെ തെരുവുകള്‍. അത്രേയറെ പുകമഞ്ഞ് വ്യാപിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് പുറപ്പെടാനിരുന്ന പ്രധാനമന്ത്രിയുടെ വിമാനവും വൈകിയാണ് ഡല്‍ഹിയില്‍നിന്ന് പറന്നുയര്‍ന്നത്. ഡല്‍ഹിയില്‍ മാത്രം 250ലേറെ വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി. മറ്റ് പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിമാന താവളങ്ങളുടെ പ്രവര്‍ത്തനത്തെയും മുടല്‍മഞ്ഞ് ബാധിച്ചു. ട്രെയിന്‍ ഗതാഗതവും താറുമാറായി. നൂറോളം ട്രെയിനുകള്‍ വൈകി. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായുഗുണനിലവാര സൂചിക അഞ്ഞൂറിനടുത്താണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.