ലീവിന് വേണ്ടി ജില്ലാകളക്ടറുടെ പേജില്‍ പോയി കമന്റ് ഇടുന്ന കുട്ടികള്‍, കോരിച്ചൊരിയുന്ന മഴയുള്ള പുലരിയില്‍ ചുമ്മാ ഒരു സിക്ക് ലീവും എടുത്ത് വീണ്ടും പുതച്ചുമൂടി കിടന്നുറങ്ങുന്നവര്‍, അടുക്കളയില്‍ നിന്നുമുയരുന്ന ചൂടുപലഹാരത്തിന്റെ കൊതിപ്പിക്കുന്ന വാസനകള്‍... ഇതെല്ലാമായിരുന്നു മലയാളികള്‍ക്ക് ജൂണ്‍മാസത്തെ മഴയോര്‍മകള്‍. സാധാരണ ഏകദേശം ഈ ഒരു സമയമാകുമ്പോഴേക്കും കാലവര്‍ഷം അതിന്റെ സര്‍വശക്തിയിലും പെയ്യുന്നുണ്ടാകും. എന്നാല്‍ ഇക്കൊല്ലം ജൂണ്‍ കഴിയാറായിട്ടും മണ്‍സൂണ്‍ ശക്തമായിട്ടില്ല.

വൈകിയെത്തുന്നതോ ദുര്‍ബലമായതോ ആയ മൺസൂൺ ഇനി കർഷകരെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയും, വൈദ്യുതി ബില്ലും, എന്തിന് പണപ്പെരുപ്പനിരക്കും ഉയര്‍ന്നേക്കും. വരുമാനം ഇടിയും. ഇനിയങ്ങോട്ട് റിസർവ് ബാങ്ക് എടുക്കുന്ന തീരുമാനങ്ങളെപ്പോലും മഴ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത ഉഷ്ണതരംഗം ഇതിനകം തന്നെ കൃഷിയെയും വൈദ്യുതി വിതരണ സംവിധാനങ്ങളെയും ദൈനംദിന ജീവിതത്തെയും ബാധിച്ചിട്ടുണ്ട്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ മഴക്കാലത്തിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലവര്‍ഷത്തെ തടഞ്ഞ് ഇവിടെ വില്ലനാകുന്നത് എല്‍ നിനോ തന്നെ.

എന്താണ് എല്‍ നിനോ പ്രതിഭാസം?

പസഫിക് സമുദ്രത്തിലെ വെള്ളം അസാധാരണമായ രീതിയില്‍ ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. സാധാരണയായി വീശുന്ന കാറ്റിന്റെ ഗതിമാറ്റം കാരണം സമുദ്രത്തിലെ ചൂടുവെള്ളം തെക്കേ അമേരിക്കന്‍ തീരങ്ങളിലേക്ക് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ പ്രതിഭാസം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ തകിടംമറിക്കാറുണ്ട്. എല്‍ നിനോ ഉണ്ടാകുന്ന വര്‍ഷങ്ങളില്‍ അത് ഇന്ത്യയിലെ കാലവര്‍ഷത്തെയും ദോഷകരമായി ബാധിക്കാറുണ്ട്. രാജ്യത്ത് മഴ കുറയുന്നതിനും കടുത്ത വേനലിനും കൃഷിനാശത്തിനും എല്‍ നിനോ കാരണമാകാറുണ്ട്.

എല്‍ നിനോ എങ്ങനെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നു?

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 55 ശതമാനവും ജീവനോപാധിക്കായി നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്നത് കൃഷിയെയും അതുമായി ബന്ധപ്പെട്ട മേഖലകളെയുമാണ്. ജൂണ്‍ നാലിനും ജൂണ്‍ പതിനെട്ടിനും ഇടയില്‍ രാജ്യത്ത് സാധാരണ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവുണ്ടായെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1950 മുതല്‍ ഇന്ത്യ 16 എല്‍ നിനോ വര്‍ഷങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് വര്‍ഷങ്ങളില്‍ സാധാരണയിലും താഴെയുള്ള മൺസൂൺ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ വേനലിലെ അതികഠിനമായ ചൂടും ആഗോളതാപനവുമെല്ലാം ഇതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ആശങ്കയുയര്‍ത്തുന്നവയാണ്.

മഴയെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം കൃഷിയും. മഴയുടെ കുറവ് മണ്ണിലെ ഈര്‍പ്പം കുറയ്ക്കുകയും നെല്ല്, പയര്‍വര്‍ഗങ്ങള്‍, പരുത്തി, കരിമ്പ് തുടങ്ങിയ പ്രധാന ഖാരിഫ് വിളകളുടെ ഉല്‍പാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. മഴയുടെ കുറവ് നികത്താന്‍ കര്‍ഷകര്‍ക്ക് മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിവരിക വഴി സാധാരണയേക്കാള്‍ കൃഷിച്ചെലവ് വര്‍ധിക്കുന്നു. ദുര്‍ബലമായ മൺസൂൺ എന്നാല്‍ കാര്‍ഷിക മേഖലയുടെ പുറത്തേക്കും ആഘാതമേല്‍പ്പിക്കും എന്നതില്‍ സംശയമില്ല. ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും വിലവര്‍ധനയും വൈദ്യുതി ബില്ലുമെല്ലാം സാധാരണക്കാര്‍ക്ക് ഇടിത്തീയായി മാറും. കഠിനമായ വേനലും ദുര്‍ബലമായ മൺസൂണും വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും കാരണമാകും.

ബദല്‍മാര്‍ഗങ്ങളെ കുറിച്ച് ആലോചന

എല്‍ നിനോ രാജ്യത്തെ 315 ജില്ലകളെ നേരിട്ട് ബാധിക്കാനിടയുണ്ടെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തെ നേരിടാനുള്ള മുന്നൊരുക്കമായി സംസ്ഥാനങ്ങള്‍ക്ക് ജില്ലാതല അടിയന്തര കൃഷി പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയെ ആശ്രയിക്കുന്ന മേഖലകളില്‍ നെല്ല് പോലുള്ള കൂടുതല്‍ വെള്ളം ആവശ്യമായ വിളകള്‍ക്കു പകരം പയര്‍വര്‍ഗങ്ങള്‍, ചെറുധാന്യങ്ങള്‍, എണ്ണക്കുരു വിളകള്‍ തുടങ്ങിയ കുറഞ്ഞ ജലാവശ്യകതയുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്. കുളങ്ങള്‍, ചെക്ക് ഡാമുകള്‍, ജലസംഭരണ സംവിധാനങ്ങള്‍ എന്നിവ പുതുക്കി ജലസംരക്ഷണം ശക്തമാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴയെ ആശ്രയിക്കുന്ന കൃഷി മേഖലകളിലാണ് കൂടുതല്‍ ആശങ്ക നിലനില്‍ക്കുന്നത്.

കേരളത്തില്‍ പതിനാല് ജില്ലകളില്‍ പത്ത് ജില്ലകളിലും തീരെ കുറഞ്ഞ മഴയാണ് ലഭിച്ചത്. ജൂണ്‍മാസം ഇതുവരെയുള്ള കണക്കില്‍ ഇരുപത്തിയെട്ട് ശതമാനത്തിന്റെ കുറവാണുണ്ടായത്. ജൂണ്‍ അവസാനവാരത്തോടെ കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് പ്രവചനം.

El Nino's Grip on India's Monsoon:

El Nino is impacting the monsoon in India, leading to delays and reduced rainfall, which could affect agriculture, food prices, and the economy. This phenomenon, characterized by unusual warming of Pacific Ocean waters, has historically caused droughts and crop damage in India, raising concerns for the current agricultural season.