എല്‍ നിനോ മഴ കുറക്കുമെന്ന കാലാവസ്ഥാ പ്രവചനത്തോടെ കൃഷി രംഗത്ത് പ്രത്യേക ശ്രദ്ധപുലര്‍ത്താന്‍ തീരുമാനം. രാജ്യത്തെ 200 ജില്ലകളില്‍ കടുത്ത വരള്‍ച്ച ഉണ്ടായേക്കാം. മണ്‍സൂണിനെ എല്‍ നിനോ പ്രതികൂലമായി ബാധിക്കുമെന്നും മഴ കാര്യമായി കുറയാന്‍ 60 ശതമാനത്തോളം സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്‍റെ ഒടുവിലെ പ്രവചനം.
പസഫിക്ക് സമുദ്രത്തിലെ ഉപരിതല ജലപ്രവാഹങ്ങളുടെ ചൂട് സാധാരണയില്‍ നിന്ന് രണ്ടു ഡിഗ്രി സെല്‍സ്യസോളം ഉയരാനിടയുണ്ടെന്നാണ് അമേരിക്കന്‍ സര്‍ക്കാരിന് കീഴിലെ അന്തരീക്ഷ– സമുദ്ര പഠന സ്ഥാപനമായ നോവയുടെ കണ്ടെത്തല്‍. വരും ആഴ്ചകളില്‍ മഴ കാര്യമായി കുറയുമോ എന്നാണ് കൃഷിക്കാരും സര്‍ക്കാരും ആശങ്കയോടെ നോക്കുന്നത്.
കൃഷി വാടുമോ?
മഴ കുറഞ്ഞാല്‍ കൃഷി അവതാളത്തിലാകും. ഭക്ഷ്യധാന്യങ്ങള്‍, എണ്ണക്കുരു എന്നിവയുടെ ഉത്പാദനമാണ് കടുത്ത പ്രശ്നം നേരിടാനിടയുള്ളത്. കേന്ദ്ര കൃഷി മന്ത്രാലയം എത്രയും വേഗം പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിനോടും കാര്‍ഷിക സര്‍വകലാശാലകളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ഇരുനൂറോളം ജില്ലകളാണ് കടുത്ത വരള്‍ച്ചാ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വരള്‍ച്ച സാധ്യതയുള്ള പ്രദേശങ്ങളിലധികവും.
കേരളത്തിലും മഴ കുറഞ്ഞേക്കും. പക്ഷെ വലിയ പ്രതിസന്ധിക്കിടയില്ലെന്നാണ് ഇതുവരെയുള്ള കണക്കുകൂട്ടല്‍. കൃഷി, മത്സ്യമേഖല, ഊര്‍ജ ഉത്പാദനം, ജലസേചനം എന്നീ രംഗങ്ങളില്‍ ജാഗ്രതപാലിക്കേണ്ടി വരും.
വരള്‍ച്ചാ സാധ്യതയുണ്ടോ?
മണ്‍സൂണ്‍കാലത്ത് 868 മുതല്‍ 900 മില്ലീമീറ്റര്‍ വരെ മഴയാണ് ലഭിക്കേണ്ടത്. വരള്‍ച്ചാസാധ്യതാ പ്രദേശങ്ങളിലെ വിളകള്‍, കൃഷി– ജലസേചന രീതികള്‍, ഭൂഗര്‍ഭ ജല വിതാനം എന്നിവയാണ് പ്രധാനമായും പഠിക്കുക. ഇതിനെ അടിസ്ഥാനമാക്കിയാവും കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചയെ നേരിടാനുള്ള വഴികള്‍ തീരുമാനിക്കുക. ആസൂത്രണം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളും കൃഷിയെയും കാര്‍ഷിക ഉത്പന്ന വിപണിയെയും കര്‍ഷകര്‍ക്കുള്ള സമാശ്വാസത്തെയും സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് സമഗ്ര പ്ളാന്‍ കൈമാറും. ഡാമുകളിലെ ജല നിരപ്പും തുറന്നുവിടുന്ന വെള്ളത്തിന്‍റെ കണക്കും കേന്ദ്ര ജലവിഭവ വകുപ്പും കണക്കാക്കി വരികയാണ്.
ഭക്ഷ്യ ഉത്പാദനം കുറയുമോ?
മഴ കുറയുന്നത് കൃഷിയെ കഠിനമായി ബാധിക്കും. എന്നാല്‍ എല്‍ നിനോ വര്‍ഷങ്ങളില്‍ പോലും ഭക്ഷ്യധാന്യ ഉത്പാദനം വര്‍ധിപ്പിക്കാനായി എന്നത് രാജ്യത്തിന് ആശ്വാസകരമാണ്. 2024–2025 വര്‍ഷത്തില്‍ 358 മില്യണ്‍ടണ്‍ ഭക്ഷ്യ ധാന്യമാണ് ഉത്പാദിപ്പിച്ചത്. വന്‍ ഭക്ഷ്യ പ്രതിസന്ധിയൊന്നും ഉണ്ടാകാനിടയില്ല. എന്നാല്‍ പ്രദേശികമായി കര്‍ഷകര്‍ക്കുണ്ടാകാനിടയുള്ള പ്രതിസന്ധികള്‍ മറികടക്കാനാണ് തയാറെടുപ്പുകള്‍. ഏതായാലും എല്‍ നിനോ ശക്തമായാല്‍ അത് ഇന്ത്യയുടെ കൃഷിയെയും ജല ലഭ്യതയെയും വൈദ്യുതോല്‍പ്പാദനത്തെയും പൊതുവില്‍ സാമ്പത്തികരെഗത്തെയാകെയും കാര്യമായി ബാധിച്ചേക്കും. 2027 വരെയെങ്കിലും അതിന്‍റെ പ്രതികൂലമായി ബാധിച്ചേക്കാം.