കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, വയനാട്, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്‍പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും പ്രവർത്തിക്കാം. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട്ട് ദുരിതാശ്വാസക്യാംപുള്ള സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.
താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളിൽ തന്നെ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Also Read: എത്രരൂപ വേണമെങ്കിലും ചെലവാക്കാം; ക്യാംപുകളില്‍ കുറവൊന്നുമുണ്ടാകില്ല: വി.ഡി.സതീശന്‍
വെള്ളം കയറിയതോടെ തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും ദുരിതാശ്വാസ ക്യാംപുകൾ മറ്റിടങ്ങളിലേക്ക് മാറ്റി. വസ്ത്രങ്ങൾ ഉൾപ്പെടെ തിരുവല്ലയിലേക്ക് കൂടുതൽ സഹായം വേണമെന്ന് എംഎൽഎ വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ പാണ്ടനാട് ഒഴുക്കിൽപെട്ട യുവാവും തിരുവല്ലയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയും മരിച്ചു. പൊന്തുവള്ളത്തില്‍ മീന്‍പിടിക്കാന്‍പോയി അപകടത്തില്‍പെട്ട ചെട്ടികാട് സ്വദേശി വര്‍ഗീസിന്റെ മൃതദേഹവും ലഭിച്ചു. കക്കവാരല്‍ തൊഴിലാളി ആര്യാട് ചാരംപറമ്പില്‍ ബാബുവിനെ വേമ്പനാട്ടുകായലില്‍ കാണാതായി.
തിരുവല്ല നഗരസഭയുടെ 21 വാർഡുകളും അപ്പർ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളും ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളും പൂർണമായി വെള്ളത്തിനടിയിലാണ്. അപ്പർ കിട്ടനാട്ടിലെ ചാത്തങ്കരിയിൽ ദുരിതാശ്വാസ ക്യാംപിലേക്ക് വെള്ളം കയറിയതോടെ കുടുംബങ്ങളെ തിരുവല്ലയിലേക്ക് മാറ്റി. തിരുവല്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപായ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂളിൽ വെള്ളം കയറിയതോടെ കുടുംബങ്ങളെ എം ജി എം സ്കൂളിലേക്ക് മാറ്റി.
തിരുവല്ലയിലേക്ക് കൂടുതൽ സഹായം വേണമെന്ന് എം എൽ എ വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു.
എം സി റോഡിൽ തിരുവല്ല തിരുമൂലപുരം ഭാഗത്തെ വെള്ളക്കെട്ടിന് മൂന്നാം ദിവസവും ശമനമില്ല. വെള്ളത്തിൽ ഇറങ്ങി വാഹനങ്ങൾ കിടക്കുന്നതും പതിവാകുകയാണ്. ചെങ്ങന്നൂർ പാണ്ടനാട്, വെണ്മണി, തിരുവൻവണ്ടൂർ മേഖലയിലും വീടുകൾ വെള്ളത്തിനടിയിലാണ്. പാണ്ടനാട് ഒഴുക്കിൽ പെട്ടു പ്രയാർ സ്വദേശി ശിവദാസ് മരിച്ചു.