അല്‍പം വൈകിയാണ് മഴ പെയ്തു തുടങ്ങിയത്. പക്ഷേ പനിക്കാലം പെയ്തിറങ്ങാന്‍ ഒട്ടും വൈകിയതേയില്ല. മഴയെത്തി... പനിക്കാലവുമെത്തി. സാംക്രമിക രോഗകാലം കൂടിയാണ് ഓരോ മഴക്കാലവും. ദുരിതപ്പെയ്ത്തായി മഴയെത്തുമ്പോള്‍ മറുഭാഗത്ത് രോഗാണുക്കള്‍ക്ക് നല്ലകാലമാണ്. പലവിധ രോഗങ്ങളിലേക്ക് മനുഷ്യനെ അത് കടത്തിവിടുന്നു. പലതരം പനികള്‍ക്കിടയിലേക്ക് നിപ വന്നു.. ഷിഗെല്ല വന്നു.. ആരോഗ്യകേരളം വിറയ്ക്കാന്‍ തുടങ്ങി. വൈറല്‍ പനിയുടെ സാമ്പ്രദായിക വരവ് പോലെയല്ല ഇത്തവണത്തെ പനിക്കാലം. ഷിഗെല്ല, നിപ്പ, വെസ്റ്റ് നൈല്‍, എച്ച്1 എന്‍1 ഇതൊക്കെയാണ് ഇപ്പോള്‍ കേരളത്തില്‍ പടരുന്ന രോഗങ്ങള്‍. 

വടക്കന്‍ കേരളമാണ് ഈ പനിക്കാലത്ത് കിടന്ന് വിറയ്ക്കുന്നത്. പ്രത്യേകിച്ചും കോഴിക്കോടും വയനാടും. കോഴിക്കോട് വീണ്ടും നിപ്പ എത്തിയത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. മെഡി. കോളജിൽ നടത്തിയ പരിശോധനയിലായിരുന്നു സ്ഥീരികരണം. രാമനാട്ടുകര സ്വദേശിക്കാണ് നിപ്പ സ്ഥീരികരിച്ചത്. രോഗിയായ 40കാരന്‍ അപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എങ്കിലും യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മര്‍ദം നിയന്ത്രണവിധേമായെങ്കിലും തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് ആശങ്കയുണ്ടാക്കുന്നത്. 

ബുധനാഴ്ച രാത്രി സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്കെത്തിക്കുമ്പോഴുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് നേരിയ മാറ്റമുണ്ട്. രക്തസമ്മര്‍ദ്ദ നില നേരിയ തോതില്‍ മെച്ചപെട്ടതാണു പ്രതീക്ഷ. വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍നിലനിര്‍ത്തുന്നത്. വൈറസ് ബാധയുടെ ഭാഗമായി തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടായി. ഇത് ഏതുരീതിയില്‍ മറ്റ് അവയവങ്ങളെ ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്തി. അതിനിടെ രോഗിക്കു മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. വൈറസ് ബാധയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അപൂര്‍വ ആന്റിബോഡി ചികിത്സയിലേക്കു കടക്കുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Kerala monsoon fever season has arrived, bringing with it a surge in infectious diseases like Nipah, Shigella, and viral fevers. The current outbreak is particularly concerning, with northern Kerala, especially Kozhikode and Wayanad, experiencing a significant impact.