പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കാലവർഷം ദുർബലപ്പെടുത്താൻ സാധ്യത. ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് യെലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുഴുവൻ ശക്തമായ മഴ പെയ്തു. അടുത്തയാഴ്ച അവസാനത്തോടെ മഴ വീണ്ടും ശക്തമായേക്കും. എൽനിനോ സാഹചര്യത്താൽ സാധാരണയേക്കാൾ കുറവ് മഴയാണ് ഈ സീസണിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന അതിതീവ്ര മഴയെ കരുതിയിരിക്കണമെന്നും നിർദേശമുണ്ട്.
നിലവിൽ പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്താണ് എൽ നിനോ നിലനില്‍ക്കുന്നത്. സമുദ്രോപരിതലത്തിലെ താപവർധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യത.
ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു. ഏപ്രിൽ-മെയ്-ജൂൺ മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷസിന് മുകളിലെത്തി. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ 'ന്യൂട്രൽ' (Neutral IOD) അഥവാ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ഈ ന്യൂട്രൽ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം സൂചിപ്പിക്കുന്നു.
ENGLISH SUMMARY:
The Central Meteorological Department has announced that the ongoing El Niño phenomenon in the Pacific Ocean is likely to weaken the current monsoon season across Kerala. Consequently, rain intensity is expected to decrease significantly starting today, leaving only three northern districts under a yellow alert for isolated heavy showers. These specific weather warnings have been issued exclusively for the Kozhikode, Kannur, and Kasaragod districts, while authorities have strictly prohibited fishing activities along the entire Kerala coast due to rough sea conditions. Conversely, the capital city of Thiruvananthapuram experienced continuous heavy downpours throughout the night, and forecasters suggest that precipitation levels may surge again by the end of next week. Despite the overall seasonal forecast predicting below-average rainfall due to rising equatorial Pacific temperatures, the weather bureau has strongly advised the public to remain highly cautious regarding sudden, short spells of extreme rain. Currently, atmospheric conditions have already fully reacted to the ocean surface warming, while the Indian Ocean Dipole remains in a neutral state that is expected to persist until the end of the monsoon season.