ബാലാവകാശ നിയമപ്രകാരം കുട്ടികളുടെ ഉയര്‍ന്ന പ്രായം 16 ആയി കുറയ്ക്കാന്‍ നിയമഭേദഗതി വേണമെന്ന ഹൈക്കോടതി വിധിയെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി ഇക്കാര്യം പറഞ്ഞതില്‍ സന്തോഷം. പ്രായത്തിലെ ഇളവ് മുതലെടുത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നു. ഇത് തന്റെ മുന്‍പേയുള്ള നിലപാടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഷാര്‍ജയില്‍ പറഞ്ഞു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ ഉയർന്ന പ്രായപരിധി 18-ൽനിന്ന് 16 ആയി കുറയ്ക്കുന്നത് നിയമനിർമാണസഭകൾ ഗൗരവമായി പരിഗണിക്കണമെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. വാഹനാപകടങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ 18 വയസിൽ താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
23 ന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദേശം. കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.