ബാല ഗോകുലത്തിന്റെ പ്രസിദ്ധീകരണവും അധ്യാപക പരിഷത്തും ഒരുമിച്ചു നടത്തുന്ന മയില്‍പീലി സ്ക്കോളര്‍ഷിപ്പ് പരീക്ഷക്ക് അനുമതി നല്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി. പരീക്ഷ നിറുത്തിവെക്കാനും അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീന്‍ നിര്‍ദേശിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഇടപെടല്‍.
ദേശീയ അധ്യാപക പരിഷത്തിന്റെ അപേക്ഷയിലാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ മയില്‍പീലി സ്ക്കോളര്‍ഷിപ്പിന് അനുമതി നല്‍കികൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവു നല്‍കിയത്. പഠനം മുടക്കരുത്, പ്രത്യേക ഫീസ് വാങ്ങരുത് എന്ന നിബന്ധനകള്മാത്രം ഉള്‍പ്പെടുത്തി ജോയിന്റ് ഡയറക്ടറാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കുവേണ്ടി ഉത്തരവിറക്കിയത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയില്‍പീലിയുമായി ചേര്‍ന്നാണ് യുപി, ഹൈസ്കൂള്‍ കുട്ടികള്‍ക്കായി മത്സര പരീക്ഷ സംഘടിപ്പിക്കുന്നത്.
അധ്യാപക സംഘടന അപേക്ഷ നല്കിയപ്പോള്ചട്ടപ്രകാരം അനുമതി നല്കി എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാല്‍ രാഷ്ട്രീയമാനങ്ങളുള്ളതും കടുത്തവിമര്‍ശനം വിളിച്ചുവരുത്തുന്നതുമായ മത്സര പരീക്ഷക്ക് അനുമതി നല്‍കിയത് വിദ്യാഭ്യാസ മന്ത്രി അറിയാതെയായിരുന്നു. ഇതെ കുറിച്ച് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതിന് പിറകെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. പരീക്ഷ നിറുത്തിവെക്കാന്‍ എന്‍.ഷംസുദീന്‍ നിര്‍ദേശിച്ചു.
ഇതിനിടെ കടുത്തവിമര്‍ശനവുമായി എസ്.എഫ് ഐ രംഗത്തെത്തി. മന്ത്രി അറിഞ്ഞാണോ ഇതെല്ലാമെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സജ്ജീവ് സാമൂഹികമാധ്യമപോസ്റ്റില് ചോദിച്ചു. ലീഗ് പ്രവര്‍ത്തകര്‍ മിണ്ടിയില്ലെങ്കില്‍ ലീഗ് ഓഫീസില്‍ സി.എച്ചിനു പകരം സവര്‍ക്കറുടെ ചിത്രം വെക്കുമെന്നാണ് എസ്.എഫ്.ഐയുടെ പരിഹാസം.