• കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ പൊലീസ് കേസെടുത്തു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ വിവാദ പരാമർശങ്ങൾ നടത്തിയ  നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ഷിംല പൊലീസാണ് മാനനഷ്ടം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കങ്കണയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നവംബർ 10ന് പങ്കുവെച്ച പോസ്റ്റുകൾക്കെതിരെയാണ് നടപടി. ഷിംല സ്വദേശിയായ അതുൽ ശർമ ഹിമാചൽ പ്രദേശ് ഡിജിപിക്ക് നൽകിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.  Also Read: രാഹുല്‍ ഗാന്ധിയുടെ 'ഭാരത് സമ്മിറ്റ്'തടയാന്‍ ആഹ്വാനം; തെലങ്കാന ബിജെപി അധ്യക്ഷന്‍ വീട്ടുതടങ്കലില്‍

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധി എന്നിവരുടെ മരണത്തെക്കുറിച്ച് ദുസ്സൂചന നൽകുന്ന പരാമർശങ്ങൾ പോസ്റ്റിലുണ്ടെന്ന് പരാതിയില്‍ പറയുന്നു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവും ഗാന്ധി കുടുംബത്തിലെ മൂന്ന് പേരുടെ മരണവും  ബന്ധിപ്പിച്ച് പോസ്റ്റില്‍ പരാമര്‍ശമുണ്ടെന്നും പരാതിയില്‍ പറയുന്നു. സോണിയ ഗാന്ധിയെ 'ദുരൂഹയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ചതായും പരാതിക്കാരൻ ആരോപിച്ചിട്ടുണ്ട്.

സഞ്ജയ് ഗാന്ധിയുടെ മരണശേഷം മേനക ഗാന്ധിയെ കുടുംബവീട്ടിൽനിന്ന് പുറത്താക്കിയ സംഭവവും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം പരാമർശങ്ങൾ സമൂഹത്തിൽ സമാധാനം തകർക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താനും ഇടയാക്കുമെന്നാണ് പരാതിക്കാരന്റെ വാദം. ഷിംല എസ്പി ഗൗരവ് സിങ് എഫ്ഐആർ റജിസ്റ്റർ ചെയ്ത വിവരം സ്ഥിരീകരിച്ചു.

ENGLISH SUMMARY:

BJP MP and actor Kangana Ranaut has been booked by Shimla Police over controversial social media posts targeting Sonia Gandhi and the Gandhi family. The complaint alleges that her posts made insinuations about the deaths of Indira Gandhi, Rajiv Gandhi and Sanjay Gandhi and described Sonia Gandhi as a "mysterious foreign national". The case involves allegations of defamation and promoting enmity between groups.