• മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി ഭിന്നതയ്ക്ക് വരെ വഴിതെളിച്ച വൈദ്യുതി വാങ്ങൽ ചർച്ചയില്‍ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വന്തംനിലയിൽ കെഎസ്ഇബിക്കു വൈദ്യുതി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് രേഖ.

മുഖ്യമന്ത്രിയും , വൈദ്യുതി മന്ത്രിയുമായി  ഭിന്നതയ്ക്ക് വരെ വഴിതെളിച്ച വൈദ്യുതി വാങ്ങൽ ചർച്ചയില്‍ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വന്തംനിലയിൽ കെഎസ്ഇബിക്കു വൈദ്യുതി വാഗ്ദാനം ചെയ്തിട്ടില്ലെന്ന് രേഖ. വൈദ്യുതി വാങ്ങാനുള്ളവർക്കും വിൽക്കാനുള്ളവർക്കും താല്‍പര്യപത്രം പ്രസിദ്ധീകരിക്കാനുള്ള ഒ.ടി.സി പ്ലാറ്റ് ഫോം വഴിയുള്ള ഏജന്‍സിയെന്ന നിലയില്‍ വൈദ്യുതി ലഭ്യത മാത്രമാണ് അറിയിച്ചതെന്ന് കത്തിലുണ്ട്. ഒക്ടോബര്‍ ഇരുപത്തി മൂന്നിന് കെ.എസ്.ഇ.ബിക്ക് ജി.എന്‍.എ കത്തയച്ചെങ്കിലും പത്ത് ദിവസം മുന്‍പ് ചീഫ് സെക്രട്ടറി വഴി സര്‍ക്കാരിലേക്ക് താല്‍പര്യപത്രം നല്‍കാന്‍ കമ്പനി ശ്രമിച്ചതായും തെളിഞ്ഞു. ജി.എന്‍.എ കെ.എസ്.ഇ.ബിക്ക് അയച്ച കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  Also Read: 'കൊച്ചിയില്‍ വഴിയോരക്കടയില്‍ വരെ നാണമില്ലാതെ ബീഫ് വില്‍ക്കുന്നു'; വേദനയെന്ന് യുവാവ്; ട്രോളി മലയാളികള്‍


ജി.എന്‍.എ കരാറില്‍  ഉടന്‍ ഒപ്പിടുമെന്ന് പറയുമ്പൊഴും  അവര്‍  വൈദ്യുതി സ്വന്തമായി ഉല്‍പാദിപ്പിക്കുന്നില്ല  എന്ന ചര്‍ച്ച സജീവമായിരുന്നു. അതിന്‍റെ ആധികാരികത തെളിയിക്കുന്ന രേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്.   ഓവർ ദ് കൗണ്ടർ അഥവാ ഒടിസി പ്ലാറ്റ്ഫോം എന്ന നിലയിൽ  സ്വന്തം പ്ലാറ്റ്ഫോമില്‍  ലിസ്റ്റ് ചെയ്ത  വൈദ്യുതി വാഗ്ദാനം സംബന്ധിച്ച അറിയിപ്പ് മാത്രമാണ് ജിഎൻഎ നൽകിയത്. ഒക്ടോബർ 23 ന് കെഎസ്ഇബി സിഎംഡിക്ക് ജിഎൻഎ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് അംബരീഷ് കുമാർ ഖരെ അയച്ച കത്ത് ഇത് വ്യക്തമാക്കുന്നു. 

24 മണിക്കൂറും 500 മെഗാവാട്ട് വൈദ്യുതി 8.48 രൂപ നിരക്കിൽ ലഭ്യമാക്കാനുള്ള വാഗ്ദാനം ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിനു നൽകിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഒടിസി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കാൻ മാത്രം അംഗീകാരമുള്ള ഈ സ്ഥാപനം ചട്ടവിരുദ്ധമായ വാഗ്ദാനം നൽകിയത് സംശയത്തിനിടയാക്കി. ഒക്ടോബർ 13 ന് ചീഫ് സെക്രട്ടറിയാണ് ആദ്യമായി കമ്പനിയുടെ വാഗ്ദാനം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. 10 ദിവസത്തിനു ശേഷമാണ് ജിഎൻഎ ഇതുസംബന്ധിച്ച കത്ത് കെഎസ്ഇബിക്കു നൽകിയത്. ആദ്യം കെ.എസ്.ഇ.ബിയെ സമീപിക്കുന്നതിന് പകരം നേരിട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിലാണ്  ദുരൂഹത..

നവംബർ 1 മുതൽ 2027 മാർച്ച് 31 വരെ 24 മണിക്കൂറും 500 മെഗാവാട്ട് വൈദ്യുതി 8.63 രൂപയ്ക്കു ലഭ്യമാക്കുന്നതു സംബന്ധിച്ച വാഗ്ദാനം ഒടിസി പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ വൈദ്യുതി കിട്ടാന്‍ കെഎസ്ഇബി വൈദ്യുതി ആവശ്യപ്പെട്ടുള്ള കൗണ്ടർ ലിസ്റ്റിങ് നൽകണമെന്നുമാണ് കത്തിലുള്ളത്. വിതരണക്കാരനുമായി നേരിട്ടുള്ള ചര്‍ച്ചയിലൂടെ ഇടപാടിന്‍റെ നിബന്ധനകളും വ്യവസ്ഥകളും അന്തിമമാക്കണമെന്നും കത്തിലുണ്ട്.

എന്നാല്‍ ഏതു കമ്പനിയാണ് വൈദ്യുതി വാഗ്ദാനം നൽകിയതെന്നു കത്തിലും വ്യക്തമല്ല.   കത്തിലെ നിർദേശത്തിൽ സർക്കാരിന്‍റെ നയപരമായ തീരുമാനം അറിയാനായി ഒക്ടോബർ 24 ന് വൈദ്യുതി വകുപ്പ് പുതിയ ഫയൽ സൃഷ്ടിച്ചെങ്കിലും കത്ത് ഫയലിന്‍റെ ഭാഗമാക്കിയിരുന്നില്ല.

ENGLISH SUMMARY:

A letter reveals that GNA Energy Private Limited did not directly offer electricity to KSEB but merely facilitated an offer listed on its OTC trading platform. The proposed deal involved 500 MW of round-the-clock power at Rs 8.63 per unit. Questions have emerged over why the company approached the government through the Chief Secretary before formally contacting KSEB and why its letter was not included in the Electricity Department's official file.