അണ്ടര്‍ 19 ഏഷ്യകപ്പ് ചാംപ്യന്മാരായി ഇന്ത്യന്‍ കൗമാരപ്പട. ത്രില്ലര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മധ്യനിര തകര്‍ന്ന മത്സരത്തില്‍ വാലറ്റത്ത് മനല്‍ ചൗഹാനും മോഹിത് ഉല്‍വും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്. 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തിലാണ് ജയിച്ചത്. 

വലിയ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഫൈനലിന്റെ സമ്മര്‍ദമില്ലാതെയാണ് ബാറ്റു വീശിയത്. ലക്ഷ്യ റായ്ചന്ദിനിയും ആര്യവീര്‍ സെവാഗും ചേര്‍ന്ന 95 റണ്‍സിന്‍റെ ഓന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. 58 റണ്‍സെടുത്ത ആര്യവീറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ലക്ഷ്യ റായ്ചന്ദാനി 80 റണ്‍സെടുത്തു. വികെ വിനീത് (24), അര്‍ജുന്‍ രജ്പുത് (16), അന്‍വയ് ദ്രാവിഡ് (19) എന്നി വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് മധ്യനിരയില്‍ തിരിച്ചടിയായി. 

217-6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെയാണ് വാലറ്റം രക്ഷപ്പെടുത്തിയത്. ഏഴാമനായി ഇറങ്ങിയ മനല്‍ ചൗഹാന്‍ പത്താമനായി ഇറങ്ങിയ മോഹിത് ഉല്‍വുമായി 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. അവസാന വിക്കറ്റില്‍ വെങ്കടേഷുമായി ചേര്‍ന്ന് മോഹിത് ഉല്‍വ 30 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഈ രണ്ടുകൂട്ടുകെട്ടുകളാണ് ഇന്ത്യയ്ക്ക് രക്ഷയായത്. മനല്‍ ചൗഹാന്‍ 47 റണ്‍സ് നേടി. മോഹിത് ഉല്‍വ പുറത്താകാതെ 49 റണ്‍സ് നേടി. 

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ ഒന്‍പതു വിക്കറ്റു നഷ്ടത്തിലാണ് 337 റണ്‍സ് നേടിയത്. 62 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. എന്നാല്‍ ഉസ്മാന്‍ ഖാനും അബ്ദുള്‍ ഖാദിറും ചേര്‍ന്നുണ്ടാക്കിയ 135 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ സ്കോറിങിന് വേഗം കൂട്ടിയത്. 54 പന്തില്‍ നിന്ന് ഖാദര്‍ 80 റണ്‍സ് നേടി. ഉസ്മാൻ ഖാൻ 107 റണ്‍സെടുത്ത് സെഞ്ചറിയും തികച്ചു. ഖാദറിന്‍റെ വിക്കറ്റിനു ശേഷം ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് 63 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. 

തുടക്കത്തിൽ റൺസ് വിട്ടുകൊടുത്തെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രദ്ധിച്ചതോടെയാണ് പാക്കിസ്ഥാനെ 339തില്‍ ഒതുക്കാനായത്. അവസാന ഓവറുകളില്‍ ചിഗുരുപാട്ടി വെങ്കടയുടെ തകര്‍പ്പന്‍ ബൗളിങ് പാക്കിസ്ഥാനു പ്രതീക്ഷ ഫിനിഷിങ് നല്‍കാന്‍ സാധിച്ചില്ല. ചിഗുരുപാട്ടി വെങ്കട മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കാവ്യ പട്ടേല്‍ നാല് വിക്കറ്റുകൾ വീഴ്ത്തി. 

ENGLISH SUMMARY:

The Indian under-19 cricket team clinched the Asia Cup championship by defeating Pakistan in a thrilling final encounter. Chasing a challenging target of 338 runs, India secured victory after a resilient lower-order partnership saved the innings following a middle-order collapse. Pakistan had earlier posted 337 for nine powered by impressive centuries and aggressive partnerships before the Indian bowlers bounced back in the death overs. Standout performances with the bat and ball, including crucial contributions from Manal Chauhan and Mohit Ulv, sealed the prestigious continental title for the young Indian side.