ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ഹൈക്കോടതി. ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല. ഇക്കാര്യം വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് 2012 ൽ പുറത്തിറക്കിയ സർക്കുലറിനെതിരായ അഖില തന്ത്രി പ്രചാരക സഭയുടെ ഹർജി ഹൈക്കോടതി തള്ളി.
ദേവസ്വം സ്വത്തുക്കൾ ദേവന് സ്വന്തമാണ്. തന്ത്രിയുടേത് ആചാരാധികാരമാണ്, സ്വത്തവകാശമല്ല. തന്ത്രസമുച്ചയത്തിലെ ആചാരം ഉടമസ്ഥാവകാശം നൽകില്ല. ക്ഷേത്രവസ്തുക്കൾ ദേവസ്വം സ്വത്തായി സംരക്ഷിക്കണം. 2012-ലെ ദേവസ്വം സർക്കുലർ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
1971ല്‍ നിര്‍മിച്ച കൊടിമരം മാറ്റി 2017ല്‍ ആണ് ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നത്. 2017 ഫെബ്രുവരി17ന് ആയിരുന്നു ചടങ്ങുകള്‍. ആ സമയത്ത് ആചാരപ്രകാരം ഔദ്യോഗികമായി വാജി വാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയെന്ന് നിയോഗിച്ച അഭിഭാഷക കമ്മിഷൻ എൻ.ആർ.സി. കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വാഹനമാണ് ഹൈദരാബാദിലെ വ്യവസായിക്ക് കൈമാറിയതായി ആരോപണം ഉയര്‍ന്നത്.
ഇതോടെ വാജിവാഹനം തന്‍റെ വീട്ടിലുണ്ടെന്നും തിരിച്ചെടുക്കണമെന്നും തന്ത്രി ഒക്ടോബര്‍ 17ന് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. പക്ഷേ ദേവസ്വം ബോര്‍ഡ് ഇത് ഏറ്റെടുത്തിരുന്നില്ല. സ്വര്‍ണക്കൊള്ളയില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വാജിവാഹനം തന്ത്രിയുടെ വീട്ടില്‍ നിന്നും ഏറ്റെടുത്തത്.