ഇഗ്വാനകളെക്കുറിച്ച് കേട്ടിട്ടില്ലേ?. കൂറ്റന്‍ പല്ലികളെപ്പോലെ കാണാന്‍ നല്ല ചന്തമുള്ള ജീവി. കേരളത്തിലും ഇതിനെ വളര്‍ത്തുന്നവരുണ്ട്. ഇവിടെ എക്സോട്ടിക് അനിമല്‍ മാര്‍ക്കറ്റില്‍ ഒരു ഗ്രീന്‍ ഇഗ്വാനയ്ക്ക് 6000 മുതല്‍ 40,000 രൂപ വരെ വിലവരും. അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമൊക്കെയാണ് ഇവ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പറഞ്ഞുവരുന്നത് ഇഗ്വാനകളുടെ വിലയും ചന്തവുമൊന്നുമല്ല. അമേരിക്കയിലെ ഫ്ലോറിഡയില്‍ അയ്യായിരത്തിലേറെ ഇഗ്വാനകളെ ഒറ്റയടിക്ക് ദയാവധത്തിന് വിധേയമാക്കി. കാരണം അവിടെ ഇവ ഒരു അധിനിവേശ ജീവിവര്‍ഗമാണ്. 

സാധാരണ ഇഗ്വാനകളെ ഇങ്ങനെ പിടികൂടി കൊല്ലാറില്ല. പക്ഷേ ഇത്തവണത്തെ അതിശൈത്യമാണ് അതിന് വഴിയൊരുക്കിത്. ഫ്ലോറിഡയിലെ താപനില പൂജ്യത്തിലും താഴെയെത്തിയതോടെ ശീതരക്തജീവിയായ ഇഗ്വാനകള്‍ തണുത്ത് മരവിച്ച് മരങ്ങളില്‍ നിന്ന് താഴെ വീഴാന്‍ തുടങ്ങി. ഇങ്ങനെ വീഴുന്ന ഇഗ്വാനകള്‍ ചാവില്ല. പുറത്ത് മരവിച്ചിരുന്നാലും ഉള്ളില്‍ അവയുടെ ശരീരം സാധാരണ പോലെ പ്രവര്‍ത്തിക്കും. പക്ഷേ തണുപ്പ് കുറഞ്ഞാലേ ഇഴഞ്ഞുപോകാന്‍ കഴിയൂ. ഇങ്ങനെ വീണ 5195 ഇഗ്വാനകളെ പൊതുജനങ്ങളും പെസ്റ്റ് കണ്‍ട്രോള്‍ കമ്പനികളും ശേഖരിച്ച് വന്യജീവി അധികൃതര്‍ക്ക് കൈമാറി. ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മിഷന്‍ ഇവയെ ദയാവധം നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. 

പൂര്‍ണവളര്‍ച്ചയെത്തിയ ഇഗ്വാനകള്‍ക്ക് ഏഴടി വരെ നീളവും 13 കിലോ വരെ ഭാരവും ഉണ്ടാകും. ഇത്രവലിയ ജീവികള്‍ മരങ്ങളില്‍ നിന്ന് വീഴുന്നത് തന്നെ താഴെ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നവര്‍ക്ക് അപകടമാണ്. എണ്ണം പെരുകിയതോടെ ഇവ വീടുകളില്‍ വരെ കയറിച്ചെല്ലുന്ന അവസ്ഥയുണ്ട്. ഇവ ചെടികള്‍ തിന്നൊടുക്കുന്നത് കാരണം നടപ്പാതകള്‍ക്കും കടല്‍ഭിത്തികള്‍ക്കും പോലും ബലക്ഷയമുണ്ടാകുന്നുണ്ട്. ഇതാണ് ദയാവധം വേണമെന്ന് ആവശ്യമുയരാന്‍ ഇടയാക്കിയത്. 

ഫ്ലോറിഡയില്‍ സ്വന്തം പ്രോപ്പര്‍ട്ടിയില്‍ കടക്കുന്ന ഇഗ്വാനകളെ സ്ഥലമുടമയുടെ അനുമതിയോടെ കൊല്ലാന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവയെ വളര്‍ത്തുന്നതും കടത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. പൊതുവേ ശാന്തസ്വഭാവക്കാരായ സസ്യഭുക്കുകളാണ് ഇഗ്വാനകള്‍. എന്നാല്‍ തൊടാനും തടവാനുമൊക്കെ പോയാല്‍ ആക്രമിച്ചെന്നും വരാം. അതിശൈത്യത്തില്‍ മരവിച്ച് വീഴുന്ന ഇഗ്വാനകളെ കറിവച്ച് തിന്നുന്ന വിരുതന്മാരും ഫ്ലോറിഡയിലുണ്ട്. ഇഗ്വാന ഇറച്ചി കൊണ്ട് പലയിനം വിഭവങ്ങള്‍ തയാറാക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പിടിവീഴുമെന്നാണ് വൈല്‍ഡ് ലൈഫ് അധികൃതരുടെ മുന്നറിയിപ്പ്. 

ENGLISH SUMMARY:

Iguanas in Florida are facing a difficult situation due to an extreme cold snap, leading to mass euthanasia. This invasive species has grown in number, causing ecological damage and posing risks to residents, prompting authorities to take drastic measures.