• കാലാവസ്ഥ ഇതെങ്ങോട്ട്?
  • ജനുവരിയില്‍ റെക്കോര്‍ഡ് ചൂട്, 2024 ചരിത്രത്തിലെ ചൂടേറിയ വര്‍ഷം
  • കാലാവസ്ഥാ ഉടമ്പടികളും ധാരണകളും കാറ്റില്‍പ്പറത്തി ഭരണകൂടങ്ങള്‍

2025ലേത് ലോകത്ത് താപനില രേഖപ്പെടുത്താന്‍ തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ ജനുവരി. യൂറോപ്യന്‍ കാലാവസ്ഥാ ഏജന്‍സിയുടേതാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം ഭൂമിയില്‍ രേഖപ്പെടുത്തിയ ശരാശരി താപനില 13.23 ഡിഗ്രി സെല്‍സിയസാണ്. 2024 ജനുവരിയേക്കാള്‍ 0.09 ഡിഗ്രി സെല്‍സിയസ് കൂടുതലാണ് ഇതെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വീസസ് അറിയിച്ചു. 2024ലേതായിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും ചൂടേറിയ ജനുവരി. 1991 മുതല്‍ 2020 വരെയുള്ള ശരാശരി ജനുവരി താപനില എടുത്താല്‍ ഇത്തവണത്തേത് 0.79 ഡിഗ്രി സെല്‍സിയസ് അധികമാണ്. Also Read: കേരളം പൊള്ളുന്നു; 3 ഡിഗ്രി വരെ താപനില ഉയരും; മുന്നറിയിപ്പ്


‘കാലാവസ്ഥാനീതി’ക്കായി പൊരുതുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞമാസം 29ന് ലണ്ടനില്‍ നടത്തിയ പ്രതിഷേധം (AP Photo/Kirsty Wigglesworth)

2024 ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു. അതിന്‍റെ തുടര്‍ച്ചയാകും 2025 എന്ന സൂചനയാണ് ജനുവരിയില്‍ കൂടിയ താപനിലയെന്ന് കാലാവസ്ഥാവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മധ്യ പസഫിക് സമുദ്രത്തിലെ താപനില കുറച്ച് ആഗോള താപനില കുറയ്ക്കാന്‍ സഹായിക്കുന്ന ലാ നിന പ്രതിഭാസം നിലനില്‍ക്കുമ്പോഴാണ് ഈ സാഹചര്യം. ‘ഒന്നുകില്‍ ലാ നിന പൂര്‍ണതോതിലാകുന്നതിന്‍റെ വേഗം കുറഞ്ഞു, അല്ലെങ്കില്‍ ലാ നിന രൂപപ്പെടല്‍ തടസപ്പെട്ടു.’ – ഇതാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ലാ നിന പൂര്‍ണതോതിലുണ്ടായാല്‍ ഇന്ത്യയില്‍ നല്ല മണ്‍സൂണും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും വരള്‍ച്ചയും ഉണ്ടാകാറുണ്ട്.

കഴിഞ്ഞ 12 മാസത്തെ ഡേറ്റയില്‍ (2024 ഫെബ്രുവരി – 2025 ജനുവരി) വ്യാവസായിക യുഗത്തിന് മുന്‍പുണ്ടായിരുന്ന ശരാശരി താപനിലയെക്കാള്‍ 1.61 ഡിഗ്രി സെല്‍സിയസ് കൂടുതലാണ് ചൂട്. സമുദ്രോപരിതത്തിലെ താപനിലയിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലെ ശരാശരി എസ്.എസ്.ടി (സീ സര്‍ഫസ് ടെംപറേച്ചര്‍) 20.78 ഡിഗ്രി സെല്‍സിയസ് ആണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ജനുവരി താപനിലയാണ് സമുദ്രോപരിതലങ്ങളില്‍. Also Read: 'ചൂടും ഈര്‍പ്പവും വില്ലനാകും; ഡെങ്കി മരണം വര്‍ധിക്കും'; കേരളത്തിന് വേണം അടിയന്തര ജാഗ്രത

ആര്‍ട്ടിക്കില്‍ സമുദ്രത്തിലെ മഞ്ഞ് ഇല്ലാതാകുന്ന തോതും ഭീകരമായി വര്‍ധിച്ചിട്ടുണ്ട്. ശരാശരിയിലും 6 ശതമാനം താഴെയാണ് ജനുവരിയിലെ ഐസിന്‍റെ അളവ്. 2018ലെ റെക്കോര്‍ഡിന് ഒപ്പമെത്തുന്നതാണ് ഈ കണക്ക്. ലോക കാലാവസ്ഥാ സംഘടന കഴിഞ്ഞമാസമാണ് 2024നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി പ്രഖ്യാപിച്ചത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വ്യാപകമാകുന്നതിന് മുന്‍പുള്ള 50 വര്‍ഷക്കാലയളവിനെ (1850-1900) അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം.

പാരിസ് കാലാവസ്ഥാ ഉടമ്പടിയിലെ ധാരണകള്‍ അനുസരിക്കാനോ മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാനോ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഭരണകൂടങ്ങളും വിമുഖത തുടരുന്നതിനാല്‍ ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാവ്യതിയാനത്തിന്‍റെയും രൂക്ഷമായ ഫലങ്ങള്‍ വരും മാസങ്ങളിലും വര്‍ഷങ്ങളിലും കൂടുതല്‍ കൂടുതല്‍ കഠിനമാകുമെന്ന് കാലാവസ്ഥാ, പരിസ്ഥിതി സംഘടനകളും പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു.

ENGLISH SUMMARY:

January 2025 was the hottest ever recorded, with a global average temperature of 13.23°C, surpassing January 2024 by 0.09°C. The past 12 months (Feb 2024 – Jan 2025) were 1.61°C warmer than pre-industrial levels, with an alarming rise in sea surface temperatures. Arctic sea ice levels in January were 6% below average, nearing the 2018 record low. Scientists suggest that the La Niña phenomenon, which usually cools global temperatures, may be weakening or delayed. Experts warn that inaction from governments, including the U.S., on climate commitments will lead to worsening global warming and climate change impacts.