സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കണ്ണൂരില്‍ 37 ഡിഗ്രി സെല്‍സ്യസ്  താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.  മൂന്നു ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. എറണാകുളം, കോട്ടയം കോഴിക്കോട് ജില്ലകളിലാണ് പകല്‍താപനില 35 ലേക്ക് എത്തിയത്. ഏറ്റവും കുറഞ്ഞ പകല്‍ താപനില 31 ഡിഗ്രി സെല്‍സ്യസ് തിരുവനന്തപുരത്ത് രേഖപ്പെടുത്തി. രാത്രി താപനില ഏറ്റവും കുറവ് പുനലൂരിലാണ്, 20 ഡിഗ്രി സെല്‍സ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ടകാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.  

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. 

ENGLISH SUMMARY:

The India Meteorological Department (IMD) has reported a significant rise in daytime temperatures across Kerala, with Kannur recording a peak of 37°C. Districts like Ernakulam, Kottayam, and Kozhikode have touched 35°C, indicating a dry weather spell expected to last until February 17. The State Disaster Management Authority (SDMA) has issued a high alert regarding the UV index, advising the public to avoid direct sunlight between 10 AM and 3 PM to prevent sunstroke and skin diseases. Vulnerable groups, including outdoor workers, fishermen, and tourists, are urged to take necessary precautions like using umbrellas and staying hydrated. Health officials have warned of potential eye infections and heat-related exhaustion.