ഒന്നുകിൽ തീവ്രമഴ, അല്ലെങ്കിൽ മണ്ണിടിച്ചിൽ, ഇതൊന്നും അല്ലെങ്കിൽ കഠിനമായ വേനൽ. മിതമായ കാലാവസ്ഥ ഇന്ത്യക്ക് അന്യമാകുകയാണെന്ന് കാണിക്കുന്ന പഠനം പുറത്തു വന്നു. 2025 ലെ ആദ്യ ഒൻപതു മാസത്തെ കാലാവസ്ഥാ സംഭവങ്ങൾ വിശകലനം ചെയ്യുന്ന പഠനം നടത്തിയത് ഡൽഹി ആസ്ഥാനമായ സെൻറർ ഫോർ എൻവിറോൻമെൻറ് ആൻഡ് സയൻസാണ്.
2025 ജനുവരി മുതൽ സെപ്റ്റംബർവരെയുള്ള ഒൻപതുമാസങ്ങളിൽ 99 ശതമാനം ദിവസങ്ങളിലും രാജ്യത്തിൻറെ ഏതെങ്കിലും ഒരു ഭാഗം തീവ്രകാലാവസ്ഥ അനുഭവിച്ചതായി പഠന റിപ്പോർട്ടു പറയുന്നു. 4064 പേർ മരിക്കുന്നതിനും ഒൻപതു കോടി എഴുപതു ലക്ഷം ഹെക്ടറിലെ കൃഷി നശിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം വഴിവെച്ചു. ഒരു ലക്ഷത്തോളംവീടുകൾ തകർന്നു. ഹിമാചൽ പ്രദേശിലാണ് ഏറ്റവും അധികം തീവ്രകാലാവസ്ഥാ ദിനങ്ങൾരേഖപ്പെടുത്തിയത്. ജീവഹാനി കൂടുതലും റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിൽ നിന്നാണ്.
എന്താണ് തീവ്രകാലാവസ്ഥ
അതിശക്തമായ മഴ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഇടിമിന്നൽ, കഠിനമായ ചൂടും താപതരംഗവും, മഞ്ഞു വീഴചയും ശൈത്യതരംഗവും മേഘവിസ്പോടനവും ഉൾപ്പെടെയുള്ളവയാണ് തീവ്രകാലാവസ്ഥയായി കണക്കാക്കപ്പെടുന്നത്. കാശ്മീർ മുതൽ കന്യാകുമാരിവരെ ഏതെങ്കിലും ഒരിടത്ത് എല്ലാ ദിവസവും തീവ്രകാലാവസ്ഥ അനുഭവപ്പെടുന്നു എന്നതാണ് വെല്ലുവിളിയാകുന്നത്. പഠനം നടത്തിയ 273 ദിവസങ്ങളിൽ 270 ദിവസവും മോശം കാലാവസ്ഥ രാജ്യത്ത് റിപ്പോർട്ടു ചെയ്തു എന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ.
പഞ്ചാബ്, ഉത്തരാഘണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഈ വർഷം കാലാവസ്ഥാ മാറ്റത്തിൽ ഏറ്റവും വലഞ്ഞത്. പ്രളയവും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നിനു പിറകെ ഒന്നായി എത്തി. മഴ മാത്രമല്ല 2025 നെ തീവ്രകാലാവസ്ഥാ വർഷമായി മാറ്റുന്നത്. ഈ ജനുവരിയാണ് 1901 ന് ശേഷം ഏറ്റവും വരൾച്ച അനുഭവപ്പെട്ട അഞ്ചു വർഷങ്ങളിലൊന്ന്. 124 വർഷത്തിൽ ഫെബ്രുവരി മാസത്തിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടതും ഈ വർഷം തന്നെ. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും പൊടുന്നനെയുള്ള വെള്ളപ്പൊക്കവും അതിശക്തമായ ഇടിമിന്നലും ചേർന്ന് കവർന്നതും തകർത്തതുമായ എത്രയോ ജീവിതങ്ങളും തൊഴിലും കിടപ്പാടവും വിലമതിക്കാനാവാത്ത അടിസ്ഥാന സൗകര്യങ്ങളുമാണ്.
കേരളവും തീവ്ര കാലാവസ്ഥയും
2017 ലെ ഒാഖിയിൽ തുടങ്ങി പ്രളയങ്ങളും മണ്ണിടിച്ചിലും കാറ്റും ഇടിമിന്നലുമായി കഴിഞ്ഞ ഒൻപതു വർഷമായി കാലാവസ്ഥയുടെ ഭീകരമുഖം കേരളവും നേരിട്ട് അനുഭവിക്കുകയാണ്. ഇക്കൊല്ലം 273 ദിവസങ്ങളിൽ 147 ദിവസങ്ങളാണ് സംസ്ഥാനത്ത് തീവ്രവും അതി തീവ്രവുമായ കാലാവസ്ഥ അനുഭവപ്പെട്ടത്. 114 ജീവനുകൾ ഒൻപതുമാസത്തിൽ നഷ്ടപ്പെട്ടു. കാലവർഷം എത്തുന്നതിന് മുൻപ് പഠനവിധേയമാക്കിയ 92 ദിവസങ്ങളിൽ 60 ദിവസവും കേരളത്തിൽ തീവ്രകാലവസ്ഥ രേഖപ്പെടുത്തി. മൺസൂൺ എത്തിയപ്പോഴും കാലാവസ്ഥ പ്രശ്നങ്ങൾ കൂടുതലാവുകയാണ് ചെയ്തത്. ജൂൺ മാസത്തിൽ 27 ദിവസവും സംസ്ഥാനത്തിന്‍റെ ഏതെങ്കിലും ഒരു പ്രദേശത്ത് കടുത്ത മഴ രേഖപ്പെടുത്തി. ജൂലൈയിലും ഒാഗസ്റ്റിലും 95 ശതമാനം ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.
2025 നൽകുന്ന പാഠങ്ങൾ
മുൻവർഷങ്ങളെക്കാൾ അധികം ദിവസങ്ങൾ തീവ്രകാലാവസ്ഥ അനുഭവപ്പെടുന്ന 2025 നൽകുന്ന ഏറ്റവും പ്രധാന പാഠം അടിയന്തര ദുരന്തനിവാരണത്തോടൊപ്പം അപകടങ്ങൾ ഒഴിവാക്കുന്നതിനും അത് മനുഷ്യരിലും കന്നുകാലികളിലും കൃഷിയിലും സൃഷ്ടിക്കുന്ന ആഘാതം കുറക്കുന്നതിനും നടപടികൾ വേണമെന്നുള്ളതാണ്. വെള്ളം പൊങ്ങുമ്പോൾ ആളുകളെ ഒഴിപ്പിക്കാൻ പോകേണ്ടിവരും. മണ്ണിടിച്ചിൽ കഴിഞ്ഞ് രക്ഷാ പ്രവർത്തനവും വേണ്ടിവരും. പക്ഷെ വെള്ളപ്പൊക്കത്തിന്‍റെ തീവ്രത ഒഴിവാക്കാനുള്ള നടപടികൾ നേരത്തെവേണം.
മണ്ണിടിച്ചിൽസാധ്യതാ പ്രദേശങ്ങളിൽനിന്നും കടലേറ്റം ഉണ്ടാകുന്നിടത്തു നിന്നും ആളുകളെ മുൻകൂട്ടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. ഒപ്പം പരിസ്ഥിതിയെ സംരക്ഷിക്കാനും നടപടികൾവേണം. അത് ശാസ്ത്രീയവും പ്രായോഗികവും ആകുകയും വേണം. മുന്നൊരുക്കങ്ങൾക്കും അവ നടപ്പാക്കുന്നതിനും അടിയന്തര പ്രാധാന്യം നൽകണമെന്ന സന്ദേശമാണ് കാലാവസ്ഥാ റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ഇത് തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന–കേന്ദ്ര സർക്കാരുകളും ശ്രദ്ധിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധിവരെ നേരിടാനാവും.